വിധിന്യായം വായിക്കാതെയാണോ കോടതിയെ വിമര്‍ശിച്ചതെന്ന് സുധീരനോട് ഹൈക്കോടതി

സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും, ഇനി ഇക്കാര്യത്തില്‍ സംശയത്തിന് ഇട നല്‍കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി
വിധിന്യായം വായിക്കാതെയാണോ കോടതിയെ വിമര്‍ശിച്ചതെന്ന് സുധീരനോട് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലാ നിരോധനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ വിമര്‍ശിച്ച് ഹൈക്കോടതി. വിധിന്യായം കേള്‍ക്കാതെയാണോ സുധീരന്‍ കോടതിയെ വിമര്‍ശിച്ചതെന്ന് കോടതി ചോദിച്ചു. 

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സുധീരന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഹൈക്കോടതി വിധി പാളിച്ചകള്‍ നിറഞ്ഞതായിരുന്നു എന്നും, അവ്യക്തമായ വിധിയായിരുന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അത് വേണ്ടവിധം ഉപയോഗിച്ചതെന്നുമായിരുന്നു സുധീരന്റെ വിമര്‍ശനം.

അതിനിടെ, സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും, ഇനി ഇക്കാര്യത്തില്‍ സംശയത്തിന് ഇട നല്‍കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്ന്‌ സുപ്രീംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നു.

പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കി കൊണ്ടായിരുന്നു, സുപ്രീംകോടതിയുടെ വിധി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂര്‍ കുറ്റിപ്പുറം ദേശീയ പാതകളിലെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ല.13 ബാറുകള്‍ തുറന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ചേര്‍ത്തല-കഴക്കൂട്ടം, കണ്ണൂര്‍-കുറ്റിപ്പുറം പാതകള്‍ ദേശീയ പാതകള്‍ തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയത് തെറ്റായി പോയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ പൊതുമരാമത്ത് വകുപ്പിന് മുകളില്‍ പഴിചരുന്ന നിലപാടായിരുന്നു എക്‌സൈസ് വകുപ്പ് കോടതിയില്‍ സ്വീകരിച്ചത്. കണ്ണൂര്‍ കുറ്റിപ്പുറം പാത ദേശീയ പാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു എക്‌സൈസ് വകുപ്പ് കോടതിയില്‍ നിലപാടെടുത്തത്. വകുപ്പുകള്‍ തമ്മിലുണ്ടായ ആശയവിനിമയ പ്രശ്‌നമാണ് ബാറുകള്‍ തുറക്കാന്‍ ഇടവരുത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com