പരാലിസിസ് ബാധിച്ച ആനകള്‍ എഴുന്നള്ളത്തിന്

ഈ ആന രണ്ടാം തീയതി രാത്രി തളര്‍ന്നുവീണതായും അദ്ദേഹം പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: കടുത്ത രോഗങ്ങള്‍ അലട്ടുമ്പോഴും ആനകള്‍ക്ക് വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകള്‍ നല്‍കുന്നതായി ആക്ഷേപം. ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടനയുടെ സെക്രട്ടറിയും ആക്ടീവിസ്റ്റുമായ വെങ്കിടാചലമാണ് തൃശൂരില്‍ പരാലിസിസ് ബാധിച്ച ആനകളെ എഴുന്നള്ളിക്കുന്നതിന്റെ വീഡിയോ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


വടുകുറമ്പക്കാവ് ദുര്‍ഗ്ഗാദാസന്‍ എന്ന പേരിലുള്ള ആനയെ മുന്‍പാദം പരാലിസിസ് വന്ന് തളര്‍ന്നിട്ടും തുടര്‍ച്ചയായി രണ്ടുദിവസം എഴുന്നള്ളത്തിന് നടത്തിച്ചത്. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ തൃശൂര്‍ പോട്ടോര്‍, കോലഴി ദേശക്കാരുടെ രേവതി വേലയ്ക്കും അശ്വതി വേലയ്ക്കും എഴുന്നള്ളത്തിന് മണിക്കൂറോളം നിര്‍ത്തിക്കുകയും നടത്തിക്കുകയും ചെയ്തത്. ഈ ആന രണ്ടാം തീയതി രാത്രി തളര്‍ന്നുവീണതായും അദ്ദേഹം പറയുന്നു.


ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ എന്നു പേരായ ആനയ്ക്കും ഇതേ മട്ടില്‍ മുന്‍പാദം പാരലൈസ് വന്ന് തളര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ഷെയര്‍ ചെയ്തു. കോട്ടക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് മൂന്നാം തീയതിയാണ് പാര്‍ത്ഥനെ എഴുന്നള്ളത്തിനിറക്കിയത്.
ഉത്സവങ്ങളിലും പെരുന്നാളുകളിലും നേര്‍ച്ചകളിലും എഴുന്നള്ളിക്കുന്ന ആനകളില്‍ ബഹുഭൂരിപക്ഷവും രോഗപീഢയാല്‍ ക്ഷീണിച്ചവയാണെന്ന് വെങ്കിടാചലം നേരത്തേ പറഞ്ഞിരുന്നു.

വെങ്കിടാചലം

ആനകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളാണ് വെങ്കിടാചലം. നിരവധി തവണ ആനകള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്നും അപൂര്‍വ്വമായിട്ടാണ് അനുകൂല നിലപാടുകളുണ്ടാവാറുള്ളത് എന്ന് അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com