പ്രതിഫലം ദിവസം 30 ലക്ഷം വരെ, പിണറായിക്കു വേണ്ടി എത്തുന്നത് കോര്‍പ്പറേറ്റുകളുടെ പ്രിയ വക്കീല്‍

പ്രകൃതിവാതക ഖനനത്തെച്ചൊല്ലി അംബാനി സഹോദരന്മാര്‍ തമ്മില്‍ നടന്ന നിയമ യുദ്ധത്തില്‍ മുകേഷ് അംബാനിയുടെ വക്കീല്‍ ആയിരുന്നു ഹരീഷ് സാല്‍വെ.
പ്രതിഫലം ദിവസം 30 ലക്ഷം വരെ, പിണറായിക്കു വേണ്ടി എത്തുന്നത് കോര്‍പ്പറേറ്റുകളുടെ പ്രിയ വക്കീല്‍

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാവുന്ന ഹരീഷ് സാല്‍വെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട അഭിഭാഷകന്‍. പ്രകൃതിവാതക ഖനനത്തെച്ചൊല്ലി അംബാനി സഹോദരന്മാര്‍ തമ്മില്‍ നടന്ന നിയമ യുദ്ധത്തില്‍ മുകേഷ് അംബാനിയുടെ വക്കീല്‍ ആയിരുന്നു ഹരീഷ് സാല്‍വെ. നീരാ റാഡിയ ടേപ്പില്‍ ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയുടെ അഭിഭാഷകനായിരുന്നു അദ്ദേഹം.

മുലായം സിങ് യാദവ്, പ്രകാശ് സിങ് ബാദല്‍, ലളിത് മോദി തുടങ്ങിയവര്‍ക്കായി വിവിധ കേസുകളില്‍ ഹാജരായിട്ടുള്ള ഹരീഷ് സാല്‍വെ ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസം മുപ്പതു ലക്ഷം രൂപ വരെ അദ്ദേഹം പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. പ്രകൃതിവാതക കേസില്‍ ഹരീഷ് സാല്‍വെയുടെ പ്രതിഫലം മാത്രമായി മുകേഷ് അംബാനി പതിനഞ്ചു കോടി നല്‍കേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലക്ഷങ്ങളുടെ ഫീസിനു പുറമേ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ഒന്നാം ക്ലാസ് വിമാനടിക്കറ്റും നല്‍കേണ്ടി വരും. 

പ്രകൃതിവാതക കേസില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വിധി നേടിയതോടെയാണ് ഹരീഷ് സാല്‍വെ രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായി മാറിയത്. ഈ കേസില്‍ അനില്‍ അംബാനിക്കായി രാംജത് മലാനിയായിരുന്നു ഹാജരായിരുന്നത്. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന്‍ തടവുശിക്ഷയില്‍നിന്ന് ഒഴിവായതും ഹരീഷ് സാല്‍വെയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. കേന്ദ്ര സര്‍ക്കാരുമായുളള 1100 കോടി രൂപയുടെ നികുതി കേസില്‍ വോഡഫോണിന്റെ അഭിഭാഷകന്‍ ആയിരുന്നു അദ്ദേഹം. ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ കേശവ് മഹീന്ദ്രയ്ക്കു വേണ്ടിയും ഹാജരായിട്ടുണ്ട്. 
 
നാഗ്പുരില്‍ ജനിച്ച ഹരീഷ് സാല്‍വെ ബോംബെയില്‍ പ്രമുഖ അഭിഭാഷകനായിരുന്ന നാനി പല്‍ക്കിവാലയ്ക്കു കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഡല്‍ഹിയിലെത്തിയ അദ്ദേഹം അവിടെ സോളി സൊറാബ്ജിയോടൊപ്പം പ്രവര്‍ത്തിച്ചു. 1992ലാണ് സീനിയര്‍ അഭിഭാഷകനായത്. 1999ല്‍ സോളിസിറ്റര്‍ ജനറല്‍ ആയി നിയമിതനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com