ടി പി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി? ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ചോദിക്കുന്നു

ഈ നേതാക്കള്‍ക്ക് രമയുടെ ദുഃഖം സ്വന്തം കുടുംബാംഗങ്ങളുടെ മുന്നിലെങ്കിലും ഏറ്റുപറഞ്ഞു കുമ്പസരിക്കണം എന്ന് തോന്നാറില്ലേ സഖാക്കളേ. 
ടി പി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി? ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ചോദിക്കുന്നു

കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. സമീപകാല കേരളം കണ്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറെ ചര്‍ച്ചചെയ്‌തെങ്കിലും യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ലെന്നാണ് ചന്ദ്രശേഖരന്‍ വിധവ കെകെ രമയും ആര്‍എംപിയും പറയുന്നത്. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററായ ജി ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഉത്തമ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകന്‍ ആയിരുന്ന ടി പി ചന്ദ്രശേഖരനെ അരുംകൊലചെയ്തിട്ടു ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുകകയാണ്. കേരള ചരിത്രത്തില്‍ ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു രാഷ്ട്രീയ കൊലപാതകം സമീപകാലത്ത് ചൂണ്ടിക്കാട്ടാനാകില്ല. അഴീക്കോടന്‍ രാഘവന്‍ കൊലചെയ്യപ്പെട്ട ശേഷം കേരളത്തെ നടുക്കിയ ഏറ്റവും മൃഗീയമായ കൊലയാണിത്. അഴീക്കോടന്‍ രാഘവനും ടി പി ചന്ദ്രശേഖരനും കൊലചെയ്യപ്പെട്ട സാഹചര്യങ്ങള്‍ തമ്മില്‍ ഒട്ടേറെ സാദൃശ്യങ്ങള്‍ ഉണ്ട്. ജീവിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അഴീക്കോടന്‍ രാഘവനെപ്പോലെയോ അതിനപ്പുറമോ സംഘടനാപാടവമുള്ള ഒരു നേതാവാകുമായിരുന്നു ടി പി ചന്ദ്രശേഖരന്‍. ഒരു ഗ്രാമത്തിന്റെി ഹൃദയ തുടിപ്പായിരുന്നു ടി പി എന്ന രണ്ടക്ഷരം.

എന്തിനാണ് ടി പി യെ ഇത്ര നിഷ്ഠൂരം കൊന്നത്? അതിനുംവേണ്ടി എന്ത് തെറ്റാണ് ടി പി ചെയ്തത്? സിപിഎം പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും ഭയന്ന് മാളത്തില്‍ ഒളിക്കാന്‍ കൂസാത്തതാണ് ടി പി ചെയ്ത തെറ്റ്. പിണറായി വിജയന്‍ അടുത്തയിട പ്രസംഗത്തിന് എരിവ് പകരാന്‍, നടത്തിയ പ്രയോഗമുണ്ടല്ലോ. നിവര്‍ത്തിപ്പിടിച്ച കൊലക്കത്തിക്കും വാളിനും നടുവിലൂടെ മാര്‍ വിരിച്ച് നടന്ന ചരിത്രമാണ് തന്റെതെന്ന്. അണികളെ ആവേശം കൊള്ളിക്കാന്‍ അദ്ദേഹം ഒരു സ്വപ്ന അമിട്ട് പൊട്ടിച്ചതാകാനേ തരമുള്ളൂ. അങ്ങിനെ തലയുയര്‍ത്തി ജീവിച്ച നേതാവാണ് ടി പി ചന്ദ്രശേഖരന്‍. മരണം മണത്തു തന്നെ ജീവിച്ച യോദ്ധാവ്. മരണത്തിനു മുമ്പിലേക്ക് ഒരു മോട്ടോര്‍ ബൈക്ക് ഓടിച്ച് അടുക്കുമ്പോള്‍ പിന്‍ സീറ്റില്‍ കൊല്ലപ്പെടാന്‍ ഒരു സഖാവ് ഉണ്ടാകാന്‍ പാടില്ലെന്ന് മുന്‍ കരുതല്‍ എടുത്തിരുന്ന ധീരന്‍. പിണറായി വിജയന്‍ ആയിരുന്നു ഇത്തരത്തില്‍ ഒരു പ്രതിസന്ധി നേരിട്ടതെങ്കില്‍ എത്ര ആയിരം സഖാക്കളുടെയും ഗൂണ്ടകളുടെയും അകമ്പടിയോടെയാകും പുറത്തിറങ്ങുക? ആ ടി പി എവിടെ, ഭീരുക്കളില്‍ ഭീരുവായ പിണറായി വിജയന്‍ എവിടെ? 

ടി പി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി?
സിപിഎം സംസ്ഥാനസെക്രട്ടറി പദത്തില്‍ പിണറായി വിജയന്‍ അല്ലായിരുന്നുവെങ്കില്‍ ടി പി ചന്ദ്രശേഖരന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നത് സത്യം. പ്രകാശ്കാരാട്ട് അല്ലാതെ മറ്റാരെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആരും കൊല ആസൂത്രണംചെയ്തത ആരും ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല എന്നത് മറ്റൊരു സത്യം. 
പ്രകാശ് നിഷ്ഠൂരനായ നേതാവയത് കൊണ്ടല്ല. ഒരു സിലബസ് അനുസരിച്ച് പഠിച്ച് ഉന്നത പദവികളില്‍ എത്തപ്പെട്ട സിലബസ്‌കമ്മ്യുണിസ്റ്റ് ആണ് പ്രകാശ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലളിതമാണ് വിഷയം. പാര്‍ട്ടി കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിന് തക്കതായ കാരണമുണ്ടാകും. പ്രകാശിന്റെ കൈത്തെറ്റു കൊണ്ട് കേന്ദ്രകമ്മിറ്റി അംഗം ഡബ്ലു ആര്‍ വരദരാജന്‍ ചെന്നൈയിലെ തടാകത്തില്‍ ചാടി ആത്മഹത്യയിലൂടെ ജീവിതം അവസാനിച്ചപ്പോഴും ആ മനസ്സ് ചഞ്ചലപ്പെട്ടില്ല.അതൊരു യന്ത്രം മാത്രം.അതുതന്നെയാണ് അദ്ദേഹം ടി പി യുടെ കൊലയോടും എടുത്ത സമീപനം. അപ്പോഴും ഒരു വലിയ ചോദ്യം അവശേഷിക്കുന്നു. ചന്ദ്രശേഖരനെ കൊന്നിട്ട് പാര്‍ട്ടി എന്ത് നേടി? ഈ കൊല പാര്‍ട്ടിക്ക് നേട്ടമോ കോട്ടമോ ഉണ്ടാക്കിയത്? അതിന് ഉത്തരം പറയേണ്ടത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. ഈ ആരോപണം എല്ലാമുണ്ടായിട്ടും 91 സീറ്റ് കിട്ടിയില്ലേ എന്നദ്ദേഹം ചോദിച്ചേക്കാം.. ഒറ്റനോട്ടത്തില്‍ അത് ശരിയാണ്. രണ്ട് തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് ശേഷമാണെങ്കിലും എല്‍ ഡി എഫ് 91 സീറ്റ് നേടി. ഒരു സത്യം വിസ്മരിക്കരുത്, എല്‍ ഡി എഫിനെ അധികാരം ഏല്പ്പിക്കാന്‍ ഇതിനപ്പുറം യു ഡി എഫിനെന്നല്ല ഒരു പാര്‍ട്ടി ക്കും ചീഞ്ഞു നാറാന്‍ കഴിയില്ലായിരുന്നു. വീണ്ടും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുമെന്ന നേരിയ പ്രതീക്ഷ എല്‍ ഡി എഫിന് തുണയായി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതെങ്കില്‍ എല്‍ ഡി എഫിന്റെ തോല്‍വി മലപ്പുറത്തെ പോലെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാകും. 

ആവര്‍ത്തി ച്ചു ചോദിക്കാന്‍ ആഗ്രഹിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നിട്ട് പാര്‍ട്ടി എന്ത് നേടി എന്നതാണ്? യു ഡി എഫിന്റെയും ബിജെപിയുടെയും അതിശക്തമായ പിന്‍ബലത്തില്‍ കൊല്ലിച്ചവര്‍ നിയമത്തിന്റെ ഹസ്തങ്ങളില്‍ നിന്ന് അഞ്ചുവര്‍ഷമായി രക്ഷപ്പെട്ട് നില്ക്കുന്നു എന്നത് താല്ക്കാലിക വിജയം തന്നെ. നിയമവാഴ്ച മുറുകെ പിടിക്കുന്ന ഒരു സര്‍ക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ യഥാര്‍ഥ കുറ്റവാളിക്ക് രക്ഷപ്പെടാന്‍ സൂചിയുടെ ദ്വാരത്തിന്റെ വിടവുപോലും ഉണ്ടാകില്ലായിരുന്നു. അത്ര ശക്തമായ തെളിവുകള്‍ പകല്‍വെളിച്ചം പോലെ മുന്നിലുണ്ടായിട്ടും അവയെ നീതി പീഠത്തിനു മുന്നിലെത്തിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ ഇല്ല. അന്വേഷണ ഏജന്‍സികളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി യിരിക്കുകയാണ്. 

എത്ര വൈകിയാലും ആ കുറ്റവാളി ഒരുനാള്‍ പിടികൂടപ്പെടും എന്നത് പ്രകൃതി നിയമമാണ്. അതാണ് നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകം നല്കുന്ന പാഠം. ടി പി യുടെ കാര്യത്തിലും സത്യത്തെ കാലം എവിടെയോ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഒരു ഉത്തമ കമ്മ്യുണിസ്റ്റുകാരന്റെയും ബലിതര്‍പ്പണം വൃഥാവിലാകാന്‍ പ്രകൃതി സമ്മതിക്കില്ല. ഒരു ഋതു അല്ലെങ്കില്‍ മറ്റൊരു ഋതുവില്‍ അവന് നീതികിട്ടും. ഒരു കമ്മ്യുണിസ്റ്റ് കാരന്റെ യഥാര്‍ഥ സ്വപ്നങ്ങള്‍ എഴുതിവെച്ച ഒരു പരിശുദ്ധ മനസിനെയാണ് നശിപ്പിച്ചത്. അതാണ് ഇപ്പോള്‍ മണ്ണിനടിയില്‍ വിശ്രമിക്കുന്നത്. തോരാത്ത കണ്ണുനീരുമായി കഴിയുന്ന ഒരു കുടുംബിനിയുടെയും, അച്ഛനെ അപഹരിച്ചെടുത്തതിന്റെ കനലുകള്‍ എരിയുന്ന ഒരു കൌമരക്കരന്റെയും മനസിന്റെ രോദനം വൃഥാവിലാകില്ല. ഏറ്റവും വിസ്മയിപ്പിക്കുന്നത്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റില്‍ ഒരംഗം പോലും (വിഎസ് ഒഴികെ എന്ന് പറയാം) ഈ പൈശാചിക കൊലയെ വിമര്‍ശിക്കുന്ന ഒരക്ഷരം ഇന്നോളം ഉരിയാടിയില്ല എന്നതാണ്! എത്രയോ സാത്വികരായ കമ്മ്യുണിസ്റ്റുകാര്‍ അടങ്ങുന്നതാണ് സെക്രട്ടറിയറ്റ്. എത്രയോ പേര്‍ ചന്ദ്രശേഖരനെ നേരിട്ടറിയുന്നവരാണ്. അതില്‍ പലരും ആ പാര്‍ട്ടി കുടുംബത്തെ മുഴുവനായും നേരിട്ടരിയുന്നവര്‍ ആണ്. എങ്ങിനെയാണ് അവരുടെയെല്ലാം മനുഷ്യത്വം ഇത്രത്തോളം മരവിച്ച് പോയത്? ഇനിയൊരു ചന്ദ്രശേഖരന്‍ ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കാത്തതു എന്ത്‌കൊണ്ടാണ്? ആരെയാണ് ഇത്രയും പാരമ്പര്യമുള്ള കമ്മ്യുണിസ്റ്റുകാര്‍ ഭയപ്പെടുന്നത്? 

എത്രയായാലും ചന്ദ്രശേഖറിനെ വെട്ടിക്കീറി കൊന്ന പൈശാചികതയോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ചിലരെങ്കിലും ആ കമ്മിറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷെ എന്തുകൊണ്ടാണ് അവര്‍ക്ക് ശബ്ദം പുറത്തുവരാത്തത്? സ്വന്തം ഭാര്യയെ മാറോട് ചേര്‍ത്തുറങ്ങുമ്പോള്‍ എന്റെ ഈ കമ്മ്യുണിസ്റ്റ് നേതാക്കളില്‍ ആരെങ്കിലും ഒരു നിമിഷം ഓര്‍ക്കാറുണ്ടോ് ഇതേ സന്തോഷം പങ്കിടേണ്ട കെ കെ രമ എന്ന ഒരു ഉത്തമ കമ്മ്യുണിസ്റ്റുകാരി നമുക്കിടയില്‍ തോരാത്ത കണ്ണീരുമായി ജീവിച്ചിരിപ്പുണ്ടെന്ന്. എട്ടും പൊട്ടും തിരിയാത്ത ഒരു കൗമാരക്കാരന്‍ നാളയെക്കുറിച്ച് വിഹ്വലതയുടെ മനസ്സുമായി ജീവിക്കുന്നുണ്ടെന്ന്? ഈ നേതാക്കള്‍ക്ക് രമയുടെ ദുഃഖം സ്വന്തം കുടുംബാംഗങ്ങളുടെ മുന്നിലെങ്കിലും ഏറ്റുപറഞ്ഞു കുമ്പസരിക്കണം എന്ന് തോന്നാറില്ലേ സഖാക്കളേ. സ്ഫടികം പോലെ പരിശുദ്ധയായ ഒരു കമ്മ്യുണിസ്റ്റുകാരിയുടെ ചുടു കണ്ണീരിനു ഈ കരിംഭൂതങ്ങളെ ഭസ്മമാക്കാനുള്ള കരുത്തുണ്ട് എന്ന് ഓര്‍ക്കുക. അത് കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഇനിയും കാണാന്‍ പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com