മുഖ്യമന്ത്രിയെ കാണാനില്ല, സെന്‍കുമാറില്‍ പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ കുടുംബം

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ കാണാനുള്ള തീരുമാനം - കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ അറിയിക്കും
മുഖ്യമന്ത്രിയെ കാണാനില്ല, സെന്‍കുമാറില്‍ പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: ജിഷ്ണുവിന്റെ കുടംബം നാളെ ഡിജിപി സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തും. ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിനുശേഷവും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ കാണാനുള്ള തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ക്കുള്ള കാര്യങ്ങള്‍ പൊലീസ് മേധാവി സെന്‍കുമാറിനെ അറിയിക്കാനാണ് കൂടിക്കാഴ്ചയെന്ന് ജിഷ്ണുവിന്റെ പിതാവ് വ്യക്തമാക്കി. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ പാമ്പാടി നെഹ്രുകോളേജ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെയും കൂട്ടാളികളെയും സംരക്ഷിക്കുന്ന നിലപാടുകളായിരുന്നെന്നും കുടുംബം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ പുതിയ ഡിജിപിയിലാണ് ഇനി തങ്ങളുടെ പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. ജിഷ്ണുവിന്റെ കൊലപാതകം ആത്മഹത്യയാക്കാനുള്ള നീക്കമാണ് അന്വേഷഷണസംഘം തുടരുന്നത്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ അറിയിക്കും.

ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികദിനത്തില്‍ മഹിജയും കുടുംബവും നടത്തിയ സമരത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കുടുംബം നടത്തിയ സമരം യാദൃശ്ചികമായി കാണാനാകില്ലെന്നും പലതലങ്ങളിലായി നടന്ന രാഷ്ട്രീയ ഗൂഡാലോചന ഇതിനായി നടന്നെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. സമരം അവസാനിപ്പിച്ച ശേഷം ജിഷ്ണുവിന്റെ കുടുംബത്തോടുള്ള കരുതല്‍ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ മുഖ്യമന്ത്രി കുടുബത്തിന് നല്‍കിയ ഉറപ്പുകള്‍ വെറും വാക്കുകള്‍ മാത്രമായെന്ന് ജിഷ്ണുവിന്റെ മാതാവ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കാണാനെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കുടുംബത്തിന് ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം സെന്‍കുമാറിനെ കാണുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com