മുഖ്യമന്ത്രി പിന്‍മാറി; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി

മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു -  സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണ് ജോക്കബ് തോമസ് പുസ്തകമെഴുതിയതെന്ന് കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു
മുഖ്യമന്ത്രി പിന്‍മാറി; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി

തിരുവനന്തപുരം:  ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് പുസ്തക പ്രകാശനം റദ്ദാക്കി. മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. സര്‍വീസിലിരിക്കെ അനുമതിയില്ലാതെയാണ് ജോക്കബ് തോമസ് പുസ്തകമെഴുതിയതെന്ന് കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബിലായിരുന്നു പ്രകാശന ചടങ്ങ്.

ഇതിനകം തന്നെ വിവാദമായ പുസ്തകത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചും ജേക്കബ് തോമസിനെതിരെയും കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പുസ്തകത്തിലൂടെ എഴുതിയിരിക്കുന്നത് എന്തോ താത്പര്യത്തിന്റെ പേരിലാണെന്നും അദ്ദേഹത്തെ ആരാണ് കയറൂരി വിട്ടിരിക്കുന്നതെന്നുമായിരുന്നു സി ദിവാകരന്‍ അഭിപ്രായപ്പെട്ടത്.  ഒരു ഉദ്യോഗസ്ഥന് തന്നിഷ്ടം പോലെ എഴുതാം, നേതാക്കന്‍മാരുടെ അനാവശ്യങ്ങള്‍ എല്ലാം എഴുതി പിടിപ്പിക്കാം, അത് പ്രസിദ്ധീകരിക്കാം. അതിന് ഔദ്യോഗികമായ ഒരുചൊവ കിട്ടാന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പറയാം. അപ്പോള്‍ പിന്നെ എല്ലാ കേസും പോകുമല്ലോ, അതൊക്കെ ചെപ്പടി വിദ്യകളാണ്. വലിയ അഴിമതി വിരുദ്ധനെന്ന് പറയുന്ന അദ്ദേഹം ഇന്ന് ഈ പുസ്തകത്തിലൂടെ എടുത്തിരിക്കുന്ന നടപടിക്രമങ്ങള്‍ തന്നെ എന്തോ താത്പര്യത്തിന്റെ പേരിലാണെന്നുമായിരുന്നു സി ദിവാകരന്റെ അഭിപ്രായം.

ഇടത് ഭരണകാലത്ത് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി. ദിവാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന താന്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്നത്തെ മന്ത്രി ദിവാകരന്‍ തളളിക്കളഞ്ഞെന്നും തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ജേക്കബ് തോമസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com