സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍

സിസ്റ്റര്‍ റാണി മരിയയെ ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി പ്രഖ്യാപിച്ചു
സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍

ഇന്‍ഡോര്‍ : സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍, വാഴ്ത്തപ്പെട്ടവളായുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം വത്തിക്കാനിലെ വിശുദ്ധ ഗണ വിഭാഗം മേധാവി കര്‍ദ്ദിനാള്‍ എയ്ഞ്ചലോ അമിറ്റോ വായിച്ചു. ഹിന്ദിയില്‍ കര്‍ദിനാള്‍ ഡോ ടെലസ്‌ഫോര്‍ ടോപ്പോയും, ഇംഗ്ലീഷില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രഖ്യാപനം വായിച്ചു. കര്‍ദാനിള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. 

ഫെബ്രുവരി 25 ന് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിക്കണമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങളും പുല്ലുവഴി ഇടവക പ്രതിനിധികളും എഫ്.സി.സി സന്ന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ രാവിലെ വിശ്വാസസമൂഹം ഒരുമിച്ച് വിശുദ്ധ ബലി അര്‍പ്പിച്ചു. 

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സന്യാസിനീ സഭാംഗമാണ് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ റാണി മരിയ. മധ്യപ്രദേശിലെ മിര്‍ജാപ്പൂരില്‍ പ്രേക്ഷിത ശുശ്രൂഷ നടത്തിവന്ന റാണി മരിയ, ജന്‍മിവാഴ്ചയ്ക്കും കര്‍ഷക ചൂഷണത്തിനും ഇരയായി കഴിഞ്ഞിരുന്ന ഗ്രാമവാസികളെ, ജന്മിമാരുടെ മുമ്പില്‍ തലകുനിക്കാതെ, വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും പഠിപ്പിച്ചു. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ ഏര്‍പ്പാടാക്കിയ സമുന്ദര്‍ സിംഗെന്ന വാടകഗുണ്ടയുടെ കുത്തേറ്റ് 1995 ഫെബ്രുവരി 25ന് നാല്‍പ്പത്തിയൊന്നുകാരിയായ സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിത്വം വരിച്ചത്.

വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യമ്മക്കും ശേഷം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സന്യാസിനിയാണ് സിസ്റ്റര്‍ റാണിമരിയ.
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി എന്ന ഖ്യാതിയോടെയാണ് സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുന്നത്. നവംബര്‍ 15 ന് സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് പുല്ലുവഴിയില്‍ എത്തിക്കും. 19 ന് പുല്ലുവഴിയില്‍ കൃതജ്ഞതാ ബലിയും ആഘോഷങ്ങളും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com