സോളാറില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം; ലൈംഗിക ആരോപണത്തില്‍ കേസ് എടുക്കുന്നത് വൈകും 

കേസ് അന്വേഷണത്തിന് പ്രത്യേക  സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങും
സോളാറില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം; ലൈംഗിക ആരോപണത്തില്‍ കേസ് എടുക്കുന്നത് വൈകും 

തിരുവനന്തപുരം : സോളാര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണത്തിന് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുക്കാനാണ് തീരുമാനം. സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗതീരുമാനം. ആരോപണങ്ങളില്‍ പ1തുവായ അന്വേഷണം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. 

അതേസമയം സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ കേസ് എടുക്കുന്നത് വൈകും. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്. അന്വേഷണ വിഷയങ്ങല്‍ ഇനം തിരിച്ച് നല്‍കുന്നതിന് പകരം പൊതുവായ അന്വേഷണത്തിനാകും നിര്‍ദേശിക്കുക. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാരിനു വേണമെങ്കില്‍ കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നില്ല. 

കേസ് അന്വേഷണത്തിന് പ്രത്യേക  അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങും. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്വേഷണസംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും സര്‍ക്കാര്‍ ഇറക്കിയിരുന്നില്ല. നാളെ സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിനും, പ്രത്യേകസംഘ രൂപീകരണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയത്. 

കേരളം കാത്തിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം  നാളെ ചേരും. രാവിലെ ഒന്‍പത് മണിമുതലാണ് സഭ സമ്മേളിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, നടപടി റിപ്പോര്‍ട്ടും മേശപ്പുറത്ത് വയ്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക പ്രസ്താവനയും നടത്തും. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ അച്ചടിക്കുന്നതിനായി നിയമവകുപ്പ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിനെ ഏല്‍പിച്ചിരുന്നു. 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയാണ് എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com