സോളാറില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

ആരോപണങ്ങളിന്മേല്‍ പൊതു അന്വേഷണം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്
സോളാറില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം : സോളാര്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. ആരോപണങ്ങളിന്മേല്‍ പൊതു അന്വേഷണം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. അഴിമതി കേസുകളിലും ലൈംഗിക പീഡനക്കേസുകളിലുമാണ് അന്വേഷണം നടക്കുക. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്നും ലഭിച്ച നിയമോപദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. 

ഡിജിപി രാജേഷ് ദിവാന്‍, ഐജി ദിനേന്ദ്രകശ്യപ് എന്നിവര്‍ സംഘത്തിലുണ്ടാകുമെന്ന് കഴിഞ്ഞമാസം 11 ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നില്ല. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍ പ്രത്യേക അന്വേഷണത്തിന് ശേഷം കേസെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. 

ലൈംഗിക പീഡനത്തിന് വിധേയയായെന്ന സരിതയുടെ മൊഴി കോടതിയില്‍ നിലനില്‍ക്കില്ല. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായി കണക്കാക്കിയേക്കാമെന്ന് ജസ്റ്റിസ് പസായത്ത് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കേന്ദ്രമന്ത്രിമാരായിരുന്ന കെ സി വേണുഗോപാല്‍, പളനിമാണിക്യം, ജോസ് കെ മാണി എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ്, എപി അബ്ദുള്ളക്കുട്ടി, കെപിസിസി സെക്രട്ടറി സുബ്രഹ്മണ്യന്‍, എഡിജിപി കെ പത്മകുമാര്‍ തുടങ്ങി 14 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിത പരാതി നല്‍കിയിരുന്നത്. 

ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിജിപി എ ഹേമചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയും പ്രാഥമികാന്വേഷണത്തിന് ശേഷമേ കേസെടുക്കൂ. മുന്‍ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചോ എന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. വിശദപരിശോധനയ്ക്ക് ശേഷം ഏതൊക്കെ കേസില്‍ അന്വേഷണം വേണമെന്ന് ഡിജിപി തീരുമാനിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com