കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുമെന്ന് രാജ്ദീപ് സര്‍ദേശായി;  ഗൗരി ലങ്കേഷിന്റെ മരണം ആരാണ് ആഘോഷമാക്കുന്നതെന്ന് നമുക്കറിയാം

പശ്ചിമബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളവും പിടിച്ചടക്കാനാണ് ബിജെപി കിണഞ്ഞ് ശ്രമിക്കുന്നത്
കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകുമെന്ന് രാജ്ദീപ് സര്‍ദേശായി;  ഗൗരി ലങ്കേഷിന്റെ മരണം ആരാണ് ആഘോഷമാക്കുന്നതെന്ന് നമുക്കറിയാം

കേരള രാഷ്ട്രീയം പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ഒരാളെ ഉടന്‍ മുന്നോട്ടു വയ്ക്കുമെന്നാണ് കരുതുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന് വേണ്ടി സന്തോഷ് കോശി ജോയി നടത്തിയ അഭിമുഖത്തിലായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ വിലയിരുത്തല്‍. 

കേരളം ഒരു മൂന്നാം ബദലിന്റെ സാധ്യത തേടുന്നുണ്ട് എന്നാണ് തോന്നുന്നത്. പശ്ചിമബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളവും പിടിച്ചടക്കാനാണ് ബിജെപി കിണഞ്ഞ് ശ്രമിക്കുന്നത്. രണ്ട് മൂന്നോ ടേമിന് ശേഷം പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരള രാഷ്ടീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ളയാളെ ഉടന്‍ മുന്നോട്ട് വയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറയുന്നു.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്റ് 1991ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്. സഹപ്രവര്‍ത്തകനായ ബിആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് രാജ്ദീപ് സര്‍ദേശായി  പറയുന്നു. 

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പെരുകുന്നു. ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് നമുക്കറിയില്ല. എന്നാല്‍ ആരാണ് അത് ആഘോഷിക്കുന്നത് നമുക്കറിയാം. മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. എന്നാല്‍ ഒരു കേസിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. വ്യക്തിപരമായ ആക്രമണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ എതിരാണോ എന്ന ചോദ്യമാണ് വരുന്നത്. മാധ്യമങ്ങളോടുള്ള സമീപം ഏറ്റവുമധികം മോശമായിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍. അതേസമയം നവമാധ്യമങ്ങള്‍ ഏത് സാധാരണക്കാരനും മാധ്യമപ്രവര്‍ത്തകനാവുക എളുപ്പമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ കഴിയുന്നു. ഇത് വളരെ നല്ല കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com