"എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?"; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യ മറിയാമ്മയുടെ പ്രസംഗം

മനസ്സുതുറന്ന് ചിരിക്കുകയാണ്  ടെന്‍ഷന്‍ മാറ്റാന്‍ ഏറ്റവും നല്ല പ്രതിവിധിയെന്നും മറിയാമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിച്ചു
"എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?"; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യ മറിയാമ്മയുടെ പ്രസംഗം


കുവൈറ്റ് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യ മറിയാമ്മ ഉമ്മന്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുവൈറ്റിലെ ഒഐസിസി സംഘടിപ്പിച്ച വേദിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിലും കൗതുകത്തിലുമാക്കിയ പ്രസംഗം. എന്നെ പ്രസംഗിക്കാന്‍ വിളിച്ചതു മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നു പറഞ്ഞാണ് മറിയാമ്മയുടെ പ്രസംഗം ആരംഭിക്കുന്നത്. ഞാന്‍ രാഷ്ട്രീയക്കാരിയല്ല. പ്രസംഗിക്കുന്ന ആളുമല്ല. ഒരു പാവം വീട്ടമ്മയാണ്. ഒരുപാട് അസുഖങ്ങളൊക്കെയുള്ള വീട്ടമ്മ.. മറിയാമ്മ ഉമ്മന്‍ പറഞ്ഞു. 

രാഷ്ട്രീയക്കാരനായ ഉമ്മന്‍ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. 24*7 ആണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസമെങ്കിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടാകുമല്ലോ.. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേ മക്കള്‍ടേം കണ്ണീര് ആരൊപ്പും..? നിറഞ്ഞ ഹര്‍ഷാരവങ്ങള്‍ക്കിടെ മറിയാമ്മ ഉമ്മന്‍ പറഞ്ഞു.  

ഉമ്മന്‍ചാണ്ടി കടന്നുവന്ന അഗ്നിപരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. നിന്ദ, പരിഹാസം, പഴി. നിങ്ങള്‍ക്കും പലപ്പോഴും ഇതൊക്കെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അപ്പോഴൊക്കെ നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. നിറഞ്ഞ കൈയടികള്‍ക്കിടെ മറിയാമ്മ പറഞ്ഞു. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുക സ്വാഭാവികമാണ്. മനസ്സുതുറന്ന് ചിരിക്കുകയാണ്  ടെന്‍ഷന്‍ മാറ്റാന്‍ ഏറ്റവും നല്ല പ്രതിവിധിയെന്നും മറിയാമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദേശിച്ചു. നമ്മുടേത് ചെറിയ ജീവിതമാണ്. എല്ലാവരോടും സ്‌നേഹപൂര്‍വം പെരുമാറണമെന്നും മറിയാമ്മ പറഞ്ഞു. 

പ്രസംഗം പൂര്‍ണരൂപത്തില്‍ കേള്‍ക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com