ചുഴലിക്കാറ്റ് : രാഹുല്‍ എത്തിയേക്കില്ല, പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെയ്ക്കും..? 

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എസ്പിജി സന്ദര്‍ശനാനുമതി നല്‍കില്ലെന്നാണ് സൂചന
ചുഴലിക്കാറ്റ് : രാഹുല്‍ എത്തിയേക്കില്ല, പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെയ്ക്കും..? 

തിരുവനന്തപുരം : കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തെയും ബാധിക്കുന്നു. മഴയും ചുഴലിക്കാറ്റും ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ പടയൊരുക്കം സമാപന സമ്മേളനം മാറ്റിവെച്ചേക്കുമെന്നാണ് സൂചന. മഴയും കാറ്റും ശക്തമായതോടെ കടല്‍ പ്രക്ഷുബ്ധമാണ്. കൂടാതെ കടല്‍ കയറാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സമാപന സമ്മേളനം മാറ്റിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നത്. 

സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. കൊടുങ്കാറ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്, അദ്ദേഹത്തിന്റെ സുരക്ഷാചമതലയുള്ള എസ്പിജിയാണ് അനുമതി നല്‍കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ രാഹുലിന് എസ്പിജി സന്ദര്‍ശനാനുമതി നല്‍കില്ലെന്നാണ് സൂചന. 

രാഹുല്‍ ഗാന്ധിയില്ലാതെ സമാപന സമ്മേളനം നടത്തുന്നതിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ മിക്ക നേതാക്കള്‍ക്കും താല്‍പ്പര്യമില്ല. അതു കൂടി പരിഗണിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് ഉടന്‍ തന്നെ തീരുമാനം എടുക്കും. 

രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണിയും സമാപന ചടങ്ങില്‍ സംബന്ധിക്കില്ല. ബുധനാഴ്ച വൈകീട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആന്റണിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന റാലിയോടെ സമാപന സമ്മേളനം ഇടതു സര്‍ക്കാരിനെതിരായ പ്രക്ഷോഭ വേദിയാക്കാനായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളെല്ലാം സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ നവംബര്‍ ഒന്നിനാണ് രമേശ് ചെന്നിത്തല പടയൊരുക്കം ജാഥ ആരംഭിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com