വിദ്യാര്‍ത്ഥി വിരുദ്ധ സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ സംസ്ഥാന ജാഥയ്ക്ക് വിലക്ക്; എന്നാലൊന്ന് കാണട്ടേയെന്ന് എസ്എഫ്‌ഐ

വിദ്യാര്‍ത്ഥി വിരുദ്ധ സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ വിക്ടോറിയ കോളജില്‍ എസ്എഫ്‌ഐ സംസ്ഥാന ജാഥയ്ക്ക് വിലക്ക്; എന്നാലൊന്ന് കാണട്ടേയെന്ന് എസ്എഫ്‌ഐ

പാലക്കാട്:വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത ക്യാമ്പസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ നടത്തുന്ന സംസ്ഥാന ജാഥയ്ക്ക് പാലക്കാട് വിക്ടോറിയ കോളജില്‍ വിലക്ക്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥയ്ക്കാണ് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. 

കോളേജ് കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് എസ്എഫ്‌ഐ സംസ്ഥാന ജാഥയുടെ സ്വീകരണത്തിന് അനുമതി നിഷേധിച്ചത് എന്നാണ് പ്രിന്‍സിപ്പാള്‍ എല്‍സമ്മ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. 

ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകളെ നിയന്ത്രിക്കാനായി കോളജ് കൗണ്‍സില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.അതിന് പിന്നാലെയാണ് എസ്എഫ്‌ഐ ജാഥയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. 25 നിയമങ്ങളാണ് പുതിയ സര്‍ക്കുലറിലുള്ളത്. കോളജിന്റെ പ്രധാന ഇടങ്ങളില്‍ മുഴുവന്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസില്‍ അച്ചടക്കം ഉറപ്പാക്കാനായി പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപികരിച്ച് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു. ക്യാമറയുള്ള ഫോണ്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം.  മുന്‍കൂട്ടി അനുവാദം വാങ്ങി പ്രകടനങ്ങള്‍ ഉച്ചയ്ക്ക് 12.30നും 1.30നും ഇടയില്‍ മാത്രമേ നടത്താവൂവെന്ന് സര്‍ക്കുലര്‍ പറയുന്നു. വാഹനങ്ങള്‍ രാവിലെ പത്തുമണിയ്ക്ക് ശേഷം കോളജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വൈകുന്നേരം 5.30ന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാന്‍ സാധ്യമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. 

ക്ലാസ് സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകണമെങ്കില്‍ വകുപ്പ് മേധാവി/ ക്ലാസ് ട്യൂട്ടര്‍ എന്നിവരുടെ അനുമതി വാങ്ങണമെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് മറ്റു ഡിപ്പാര്‍ട്‌മെന്റിലേയ്ക്ക് പോകുവാന്‍ പോലും അനുമതി വേണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു.ചുവരെഴുതാനും പോസ്റ്റര്‍ പതിപ്പിക്കാനും പാടില്ലായെന്നാണ് മറ്റൊരു വിചിത്രമായ നിര്‍ദേശം. പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ സംഘടനകള്‍ യോഗങ്ങള്‍ നടത്തിയാല്‍ അതില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുവാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

പെരുന്തല്‍മണ്ണ കോളജില്‍ നിന്ന് സ്ഥലംമാറി വന്ന പ്രിന്‍സിപ്പാള്‍ അവിടത്തെപ്പോലെ വിക്ടോറിയയിലും വിദ്യാര്‍ത്ഥി വിരുദ്ധ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. എസ്എഫ്‌ഐയുടെ സംസ്ഥാന ജാഥ കോളജില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചിരുന്നത് നാലാം തീയതി രാവിലെ പത്തുമണിക്കായിരുന്നു. വിരട്ടലുകളെ ഭയപ്പെടുന്നില്ലെന്നും ജാഥ കൃത്യം പത്തു മണിയ്ക്ക് കോളജില്‍ പ്രവേശിക്കുമെന്നും ജയദേവന്‍ പറഞ്ഞു. 

പരീക്ഷ കാരണമാണ് ജാഥ തടയുന്നത് എന്നാണ് പ്രിന്‍സിപ്പാള്‍ നല്‍കിയ വിശദീകരണമെന്നും ഉച്ചയ്ക്ക് 1.30നുള്ള പരീക്ഷയ്ക്ക് 10മണിയ്ക്ക് കടന്നുപോകുന്ന ജാഥ തടയേണ്ട കാര്യമെന്താണെന്നും പരീക്ഷയെ ഒരുതരത്തിലും അത് ബാധിക്കില്ലയെന്നും എസ്എഫ്‌ഐ പറയുന്നു. 

പ്രിന്‍സിപ്പാള്‍ പറയുന്നതുപോലെ കോളജ് കൗണ്‍സിലിന് ഒറ്റയ്ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന പ്രശ്‌നമായതിനാല്‍ ക്യാബിനറ്റിലും ഇക്കാര്യം ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും അത് നടന്നിട്ടില്ലെന്നും ജയദേവന്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘടനകളോ,യൂണിയനോ ഈ വിഷയം അറിഞ്ഞിട്ടില്ല, ടീച്ചര്‍ ഏകപക്ഷീയമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്,ജയദേവന്‍ കൂട്ടിച്ചേര്‍ത്തു. 

എറണാകുളം മഹാരാജാസിനൊപ്പം സ്വയംഭരണാവകാശം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച കോളജുകളില്‍ ഒന്നായിരുന്നു പാലക്കാട് വിക്ടോറിയ ഗവണ്‍മെന്റ് കോളജ്. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ സമരമാണ് ഓട്ടോണമസ് സംവിധാനം നടപ്പാക്കുന്നതില്‍ നിന്നും അധികൃതരെ പിന്തിരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറിലൂടെ വീണ്ടും ഓട്ടോണമസ് എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com