ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച മുസ്ലീം ബിജെപി നേതാക്കള്‍ക്കെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുമോ? ഹാദിയ കേസില്‍ കോടതിയോട് അഭിഭാഷകന്റെ ചോദ്യം

രണ്ട് മുസ്ലീം ബിജെപി നേതാക്കള്‍ ഹിന്ദു സ്ത്രീകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുമോ
ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച മുസ്ലീം ബിജെപി നേതാക്കള്‍ക്കെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുമോ? ഹാദിയ കേസില്‍ കോടതിയോട് അഭിഭാഷകന്റെ ചോദ്യം

രണ്ട് മുസ്ലീം ബിജെപി നേതാക്കള്‍ ഹിന്ദു സ്ത്രീകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുമോ എന്നായിരുന്നു ഹാദിയ കേസില്‍ ഷെഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചോദിച്ചത്. 

ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിരിക്കുന്ന ബിജെപി മുസ്ലീം നേതാക്കളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവേ കോടതിക്ക് മുന്നില്‍ ഈ ചോദ്യം ഉന്നയിച്ചത്. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. 

ഹാദിയ കേസിലെ ഹൈക്കോടതി വിധി വിവിധ മതങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ അടിവേരിളക്കിയെന്നും, ലോകത്തിന് തെറ്റായ സന്ദേശം നല്‍കിയെന്നും കോടതിയില്‍ വാദമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു ദാവെയുടെ ചോദ്യം. ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ബിജെപിയുടെ മുസ്ലീം നേതാക്കളുടെ നടപടിയെ ലൗ ജിഹാദ് എന്ന് വിളിക്കാനാവുമോ? കോടതി ഇതില്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്നും ദാവേ കോടതിക്ക് മുന്‍പാകെ ചോദിച്ചു. 

ബിജെപി നേതാക്കളായ മുക്താര്‍ അബ്ബാസ് നഖ്വി, ഷഹ്നാവസ് ഹുസൈന്‍ എന്നിവരെ ഉന്നംവെച്ചായിരുന്നു ദാവെയുടെ ചോദ്യം. എന്നാല്‍ വസ്തുതകളെ മുന്‍ നിര്‍ത്തി സംസാരിക്കാനായിരുന്നു ദാവേയ്ക്ക് ജസ്റ്റിസ് ദീപക് മിശ്ര നല്‍കിയ മറുപടി. ശബ്ദമുയര്‍ത്താതെ സംസാരിക്കാനും ദീപക് മിശ്ര ദാവേയോട് ആവശ്യപ്പെട്ടു. 

എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി അധികാര പരിധി ലംഘിച്ചിരിക്കുകയാണെന്നും ദാവേ കോടതിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരോ, ഹാദിയയുടെ പിതാവോ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ദാവേ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ഒറ്റപ്പെട്ട സംഭവമാണോ ഹാദിയയുടെ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നതിനായി എന്‍ഐഎ അന്വേഷണം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ നിലപാടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com