വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി
വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു.23310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖാദറിന്റെ വിജയം. 65227 വോട്ടുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. 41917 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന്‍ 5728 വോട്ടുകളോടെ എസ്ഡിപിഐയ്ക്കും പിന്നിലായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി 8648 വോട്ടുകള്‍ നേടി. നോട്ടയ്ക്കും താഴെ വോട്ടുകളാണ് ലീഗ് വിമതന്‍ നേടിയത്. 

 വലിയ വിജയം സ്വപ്‌നംകണ്ട യുഡിഎഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ വേങ്ങരയില്‍ ജയിച്ചു കയറിയത് 30857 വോട്ടുകളുടെ ഭൂപക്ഷത്തിലായിരുന്നു.

വേങ്ങരയിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയ പ്രകടനം  ചിത്രം: സനേഷ്
 

ഒരു ഘട്ടത്തില്‍പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് ലീഡില്‍ മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതില്‍ എല്‍ഡിഎഫിന് ആശ്വസിക്കാം.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വേങ്ങരയില്‍ ശക്തമായ വോട്ട് ചോര്‍ച്ചയാണ് ലീഗിന് സംഭവിച്ചത്.

2016നെക്കാള്‍ 7793 വോട്ടുകള്‍ കൂടുതല്‍ നേടാന്‍ ഇത്തവണ എല്‍ഡിഎഫിന് സാധിച്ചു.ഇത് നേട്ടമായി കണക്കാക്കുന്നുവെന്നും ഭരണപക്ഷത്തിന്റെ വിജയമാണ് ഇതെന്നുമാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. യുഡിഎഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും ഭൂരിപക്ഷം കുറഞ്ഞതിലൂടെ യുഡിഎഫിന് ജനങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ തോല്‍വി സംഭവിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വേങ്ങരയിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തലല്ലെന്നും ഒരു അസംബ്ലി മണ്ഡലത്തിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ എസ്ഡിപിഐയ്ക്ക് 8000ന് മുകളില്‍ വോട്ടുകള്‍ നേടാനായി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 7000ത്തിന് മുകളില്‍ വോട്ടുകള്‍ നേടിയ ബിജെപിയ്ക്ക് ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com