സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ ഡിജിപിയുടെ തീരുമാനം ഇന്നുണ്ടായേക്കും

പരാതിയിന്മേല്‍ ഡിജിപി പൊലീസ് ആസ്ഥാനത്തെ നിയമോപദേശകയോട് ഡിജിപി ഉപദേശം തേടിയിരുന്നു
സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ ഡിജിപിയുടെ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം : സോളാര്‍ കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് തീരുമാനമെടുത്തേക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറണോ എന്ന കാര്യത്തിലാകും ഡിജിപി തീരുമാനമെടുക്കുക. പരാതിയിന്മേല്‍ ഡിജിപി പൊലീസ് ആസ്ഥാനത്തെ നിയമോപദേശകയോട് ഡിജിപി ഉപദേശം തേടിയിരുന്നു. നിയമോപദേശക നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഡിജിപി തീരുമാനം കൈക്കൊള്ളുക. 

സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയും, നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദാംശങ്ങളും നിയമോപദേശകയ്ക്ക് കൈമാറിയിരുന്നു. ഇവ പരിശോധിച്ച് വിശദമായ നിയമോപദേശം നല്‍കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. സോളാര്‍ കേസിലെ ഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അട്ടിമറിച്ചെന്നും, തന്നെ കേസില്‍ പ്രതിയാക്കാന്‍ ഗൂഡനീക്കം നടത്തിയെന്നും ക്ലിഫ് ഹൗസില്‍ ചെന്ന് സരിത മുഖ്യമന്ത്രിയ്ക്ക് കൈമാറിയ പരാതിയില്‍ ആരോപിച്ചിരുന്നു. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളും സരിത പരാതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എന്റെ നിസഹായവസ്ഥയില്‍ എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫ് നേതാക്കന്‍മാരില്‍ വലിയൊരാളാണ്. എനിക്ക് പരാതി പറയാനുള്ള പദവിയിലിരിക്കുന്ന ആള്‍ തന്നെ എന്നെ ചൂഷണം ചെയ്തു. ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ താന്‍ ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞതെന്നും 17 പേജുള്ള കത്തില്‍ സരിത ചൂണ്ടിക്കാട്ടി. 

2013 മുതല്‍ 2016 വരെ താന്‍ കൊടുത്ത പരാതികള്‍ അന്വേഷിച്ചിട്ടില്ല. ഇതും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സരിത മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി അത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com