ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബിഡിജെഎസ്; കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി

നേരത്തെ നിശ്ചയിച്ചിരുന്ന എന്‍ഡിഎയുടെ പരിപാടികളില്‍ പോലും ഇനി പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളെ അറിയിച്ചിരിക്കുന്നത് - വെള്ളാപ്പള്ളിയുടെ തീരുമാനം നിര്‍ണായകം
ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബിഡിജെഎസ്; കീഴ്ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി

തിരുവനന്തപുരം: എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നു. ബിജെപിയുമായി ഇനി സഹകരിക്കേണ്ടതില്ലെന്നാണ് ബിഡിജെഎസിന്റെ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന എന്‍ഡിഎയുടെ പരിപാടികളില്‍ പോലും ഇനി പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം കീഴ്ഘടകങ്ങളെ അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടിക്ക് നല്‍കാമെന്ന് പറഞ്ഞ ബോര്‍ഡ്‌കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ സമ്മര്‍ദ്ദതന്ത്രം എന്ന നിലയ്ക്കാണ് ആദ്യം എന്‍ഡിഎ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പിന്നീട് മുന്നണി വിടാനുള്ള സജീവ ചര്‍ച്ചകള്‍ ബിഡിജെഎസ് നേതൃത്വം നടത്തുകയായിരുന്നു. ഇടത്‌വലത് മുന്നണികള്‍ നോക്കിതന്നെയാണ് ബിഡിജെഎസിന്റെ ചാട്ടം. ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയാറായിട്ടില്ല. ബിഡിജെഎസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിന്റെ നിലപാട് അറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കാമെന്ന ലൈനിലാണ് എല്‍ഡിഎഫ്.

എന്‍ഡിഎ യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്നും ബിഡിജെഎസ് വിട്ടുനില്‍ക്കും. യോഗത്തിന് മുന്നോടിയായി നടക്കുന്ന എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് ജില്ലാ നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ബിഡിജെഎസിന്റെ മുന്നണി മാറ്റം സംബന്ധിച്ച് ഇനി നിര്‍ണായക തീരുമാനം എടുക്കേണ്ടത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. ബിജെപിയുമായി നല്ല ബന്ധത്തിലല്ലാത്ത വെള്ളാപ്പള്ളിയുടെ നോട്ടം ഇടത്തോട്ടാണ്. ബിജെപി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനങ്ങള്‍ മുന്‍കാലത്ത് ഉന്നയിച്ച വെള്ളാപ്പള്ളി പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്തിരുന്നു.

അതേസമയം ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണ് ബിഡിജെഎസ് എന്നാണ് കുമ്മനം വ്യക്തമാക്കിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് ബിജെപി നേതൃത്വം ബിഡിജെഎസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ അടിയന്തരമായി എത്തിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com