ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടി; ഞങ്ങളെന്തിന് സഹകരിക്കണം? തുഷാര്‍ വെള്ളാപ്പള്ളി 

ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്തുവരുമെന്ന വാര്‍ത്തകള്‍ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ഭിന്നത മറച്ചുവെയ്ക്കാതെയുള്ള തുഷാറിന്റെ പ്രതികരണം
ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടി; ഞങ്ങളെന്തിന് സഹകരിക്കണം? തുഷാര്‍ വെള്ളാപ്പള്ളി 

കൊച്ചി: ജനരക്ഷാ യാത്ര ബിജെപിയുടെ പരിപാടിയാണെന്നും അതില്‍ ഞങ്ങളെന്തിന് സഹകരിക്കണമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുടെ പരിപാടിയായല്ല ജനരക്ഷാ യാത്ര
നടത്തുന്നതെന്നും ബിജെപി സ്വന്തം നിലയ്ക്ക് നടത്തുന്നതാണെന്നും സഹകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി സമകാലിക മലയാളത്തോട് പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്തുവരുമെന്ന വാര്‍ത്തകള്‍ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുമായുള്ള ഭിന്നത മറച്ചുവെയ്ക്കാതെയുള്ള തുഷാറിന്റെ പ്രതികരണം. 

എന്‍ഡിഎ വിടുന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇടതുപക്ഷത്തേക്കാണോ വലതുപക്ഷത്തേക്കാണോ നീങ്ങുന്നത് എന്ന ചോദ്യത്തിനോട് തുഷാര്‍ പ്രതികരിച്ചില്ല. ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലായെന്നും മനസ്സുകൊണ്ട് ഇടതുപക്ഷത്തിനൊപ്പമാണെന്നുമുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ബിജെപിയുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരും ജനരക്ഷാ യാത്രയില്‍ പങ്കെടുക്കരുത് എന്നും ബിഡിജെഎസ് കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍ രൂപം നല്‍കിയ ബിഡിജെഎസ് ഇപ്പോള്‍ പറഞ്ഞ ഒരു വാക്കും പാലിക്കാത്ത ബിജെപിയോടുള്ള വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്. 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയതും എന്‍ഡിഎയുടെ സഖ്യകക്ഷിയാകുന്നതും. യുഡിഎഫിനേയും എല്‍ഡിഎഫിനേയും ഒരുപോലെ പിണക്കിയാണ് വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിച്ചതും എന്‍ഡിഎയ്ക്ക് ഒപ്പം പോയതും. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായി ബിഡിജെഎസ് മാറും എന്നായിരുന്നു വെള്ളാപ്പള്ളിയുടേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേയും പ്രതീക്ഷകള്‍. ബിജെപിയും അതേ പ്രതീക്ഷയോടെയാണ് ബിഡിജെഎസിനെ സ്വീകരിച്ചത്. എന്നാല്‍ ബിജെപി പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞില്ല എന്നു മാത്രമല്ല മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കനത്ത തോല്‍വി ഏറ്റു വാങ്ങുകയും ചെയ്തു.  ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഉഴപ്പിത്തുടങ്ങിയത്. 

ബിജെപി സംസ്ഥാന നേതാക്കളോട് ചര്‍ച്ച ചെയ്യാതെ അമിത് ഷായോടും നരേന്ദ്ര മോദിയോടും നേരിട്ട് ചര്‍ച്ച നടത്തിയായിരുന്നു ബിഡിജെഎസ് എന്‍ഡിഎയില്‍ അംഗമായത്. ബിഡിജെഎസിന്റെ കാര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം ഗൗരവം കാട്ടാത്തത് ഇതുകൊണ്ടായിരുന്നു. 
മലപ്പുറം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി-ബിഡിജെഎസ് ഭിന്നത രൂക്ഷമായി പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളി നടേശന്‍ മനസാക്ഷി വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്തതും ഇതിന്റെ പശ്ചാതലത്തിലായിരുന്നു. 

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ എത്രയും വേഗം നല്‍കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കള്‍ രണ്ട് തവണ അമത് ഷായെ ഡല്‍ഹിയില്‍ പോയി കണ്ടിരുന്നു. കഴിഞ്ഞ തവണ അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തിയപ്പോഴും ബിഡിജെഎസ് ആവശ്യമുന്നയിച്ചിരുന്നു.എന്നാല്‍ പരിഗണിക്കാം എന്ന വാക്കല്ലാതെ അമിത് ഷാ ബിഡിജെഎസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്തില്ല. ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തീരുമാനമായോ എന്ന ചോദ്യങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കകം തീരുമാനം എന്നാണ് തുടക്കം മുതല്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരുന്നത്. 

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. എന്നാല്‍ എന്താണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കാന്‍ വെള്ളാപ്പള്ളി വിസമ്മതിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com