ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍ ; ബിജെപിയുടെ വോട്ടില്‍ വന്‍ കുറവുണ്ടാകും

സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സജി ചെറിയാന്‍ കൂടുതല്‍ സ്വീകാര്യനാണ്
ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍ ; ബിജെപിയുടെ വോട്ടില്‍ വന്‍ കുറവുണ്ടാകും


ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം ഉറപ്പാണെന്ന് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ സജി ചെറിയാന്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വോട്ട് കണക്കെടുപ്പ് സൂചിപ്പിക്കുന്നത്. കീഴ്ഘടകങ്ങളില്‍ നിന്നുള്ള സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

സ്ഥാനാര്‍ഥിയെന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സജി ചെറിയാന്‍ കൂടുതല്‍ സ്വീകാര്യനാണ്. ഭരണ കക്ഷിയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി സമാഹരിക്കാന്‍ സജി ചെറിയാന് കഴിയും. ക്രൈസ്തവ
വോട്ടുകളില്‍  ഉണ്ടാകുന്ന വിള്ളല്‍ നേട്ടമാകും. കൂടാതെ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസ് വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ സമാഹരിക്കാനാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. 

ബിജെപിക്ക്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 10,000 വോട്ടുകള്‍ വരെ കുറഞ്ഞേക്കാമെന്നും സിപിഎം കണക്കു കൂട്ടുന്നു. അതേസമയം, മദ്യനയം ഉയര്‍ത്തി ചെങ്ങന്നൂരില്‍ പ്രചാരണം നടത്തുമെന്ന കെസിബിസിയുടെ പ്രസ്താവനയുടെ സാഹചര്യത്തില്‍, അതിനെ പ്രതിരോധിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com