കസ്റ്റഡി മരണം ഐജി ശ്രീജിത്ത് അന്വേഷിക്കും ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി

കേസുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും വിശദമായി അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഡിജിപി
കസ്റ്റഡി മരണം ഐജി ശ്രീജിത്ത് അന്വേഷിക്കും ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി

തിരുവനന്തപുരം : കൊച്ചിയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ദക്ഷിണമേഖല എഡിജിപി അനില്‍കാന്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പിമാരായ ജോര്‍ജ് ചെറിയാന്‍, കെസി ഫിലിപ്പ്, സുദര്‍ശന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. 

കേസുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും വിശദമായി അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഡിജിപി ബെഹ്‌റ രാവിലെ വ്യക്തമാക്കിയിരുന്നു. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് മരിച്ച ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. പൊലീസിന്റെ ക്രൂമമർദനമാണ് സ്രീജിത്തിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കസ്റ്റഡി മർദനം ബോധ്യമായതായി ആശുപത്രിയിലെത്തിയ മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിരുന്നു. 

വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com