സംസ്ഥാനസമ്മേളനം അപമാനിക്കാനുള്ള വേദിയാക്കിയെന്ന് കെ ഇ ഇസ്മയില്‍ ; സംസ്ഥാന നേതൃത്വത്തിന് എതിരെ കണ്‍ട്രോള്‍ കമ്മീഷന് പരാതി 

പുതിയ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇസ്മയിലിന്റെ നടപടി 
സംസ്ഥാനസമ്മേളനം അപമാനിക്കാനുള്ള വേദിയാക്കിയെന്ന് കെ ഇ ഇസ്മയില്‍ ; സംസ്ഥാന നേതൃത്വത്തിന് എതിരെ കണ്‍ട്രോള്‍ കമ്മീഷന് പരാതി 

തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനം തന്നെ അപമാനിക്കാനുള്ള വേദിയാക്കിയെന്ന് ആരോപിച്ച് പാര്‍ട്ടി നേതാവ് കെ ഇ ഇസ്മയില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനും പരാതി നല്‍കി. പുതിയ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നും  തന്നെ ഒഴിവാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ഇസ്മയിലിന്റെ നടപടി. 

മലപ്പുറത്ത് നടന്ന സിപിഐ സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന പേരില്‍ അവിടെ തനിക്കെതിരെ ആക്ഷേപങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്തു. ഇത് സംഘടനാപരമായ വലിയ തെറ്റാണെന്നാണ് ഇസ്മായില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ചും ആക്ഷേപമുന്നയിച്ചുവെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനായി ചുമതലപ്പെടുത്തിയ ഇസ്മായില്‍ അവിടെയെത്തി പാര്‍ട്ടിക്കു ചേരാത്ത ശൈലി സ്വീകരിച്ചുവെന്നായിരുന്നു സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്റെ നിഗമനം. 

ഇസ്മായിലിനെയും അദ്ദേഹത്തെ അനുകൂലിക്കുന്ന സി.എന്‍.ചന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എന്നിവരെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ വിതരണം ചെയ്യുകയും അതേപടി പുറത്തുവരികയും ചെയ്തത് സിപിഐയില്‍ പൊട്ടിത്തെറിക്കു കാരണമായിരുന്നു. 

ഇതിനെതിരെ സമ്മേളനവേദിയില്‍ വച്ചു തന്നെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയോട് ഇസ്മായില്‍ പരാതിപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു ആക്ഷേപം. റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്ന ഇസ്മായിലിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും കണ്‍ട്രോള്‍ കമ്മിഷനില്‍ വന്‍ അഴിച്ചുപണിക്കു നേതൃത്വം നിര്‍ബന്ധിതരായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com