വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു; ഇളയമകള്‍ തന്റേതല്ലെന്ന് അയാള്‍ പറഞ്ഞു; സൗമ്യ പൊലീസിനു മുന്നില്‍ ഇവയെല്ലാം ഏറ്റുപറഞ്ഞു

ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചതിന് പിന്നാലെയാണ് സൗമ്യ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത്
വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു; ഇളയമകള്‍ തന്റേതല്ലെന്ന് അയാള്‍ പറഞ്ഞു; സൗമ്യ പൊലീസിനു മുന്നില്‍ ഇവയെല്ലാം ഏറ്റുപറഞ്ഞു


കണ്ണൂര്‍: പൊലീസിന്റെ തന്ത്രപരമായ ഇടപെടലുകളാണ് പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംകൊടുത്തുകൊന്ന സൗമ്യ 
കുറ്റം സമ്മതിച്ചതിനു പിന്നില്‍. കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ സൗമ്യ പലതവണയാണ് ഉറച്ചുനിന്നത്. ഒരു ഘട്ടത്തില്‍ സൗമ്യയില്‍ നിന്നും യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കില്ലെന്നും പൊലീസ് കരുതിയിരുന്നു. പിന്നീട് മനശാസ്ത്രപരമായി പൊലീസ് ഇടപെട്ടതോടെയാണ് വള്ളിപ്പുളളി വിടാതെ സൗമ്യ കാര്യങ്ങളെല്ലാം പൊലിസിനോട് സമ്മതിച്ചത്. 

ആശുപത്രിയില്‍നിന്നു തലശ്ശേരി റെസ്റ്റ്ഹൗസിലാണ് ആദ്യം സൗമ്യയെ എത്തിച്ചത്. അവിടെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് സൗമ്യ ആവര്‍ത്തിച്ചു. നിങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ തെളിയിച്ചോളൂ എന്ന് ഒരുഘട്ടത്തില്‍ സൗമ്യ വെല്ലുവിളിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  വിഷം ഉള്ളില്‍ ചെന്നാണു മൂന്നുപേരും മരിച്ചതെന്നും സൗമ്യ വിഷം വാങ്ങിയതിനു തെളിവുണ്ടെന്നും അന്വേഷണസംഘം ആവര്‍ത്തിച്ചെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായില്ല. ആരെയും കൊന്നിട്ടില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഇതോടെ പൊലീസ് തന്ത്രം മാറ്റുകയായിരുന്നു.

ഭര്‍ത്താവിന്റെ ക്രൂരതകളെപ്പറ്റി ബന്ധുക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഡിവൈഎസ്പി സൗമ്യയുമായി പങ്കുവച്ചതിന് പിന്നാലെയാണ് സൗമ്യ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം കുടിച്ചു മരിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍ കുടിച്ചു. ആശുപത്രിയിലായി.  

ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാന്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്‍മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി. അങ്ങനെയാണ് അവരെ കൊല്ലാനുള്ള തീരുമാനം ഉണ്ടായതെന്നും സൗമ്യ പൊലീസിനോട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com