ഖാദി ഈ വര്‍ഷം ലക്ഷ്യമിടുന്നത് 100 കോടിയുടെ വില്‍പ്പന: മന്ത്രി എ.സി. മൊയ്തീന്‍

എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ്‌വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യ യൂണിഫോം ലഭ്യമാക്കും
ഖാദി ഈ വര്‍ഷം ലക്ഷ്യമിടുന്നത് 100 കോടിയുടെ വില്‍പ്പന: മന്ത്രി എ.സി. മൊയ്തീന്‍

കൊച്ചി: ഖാദിമേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ ഈ വര്‍ഷം 100 കോടിരൂപയുടെ വില്‍പന ലക്ഷ്യമിടുന്നതായി വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. വസ്ത്ര സങ്കല്‍പങ്ങളിലും വിപണിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഖാദി ഉല്‍പന്നങ്ങളും പുതിയ മേഖലകളിലേക്ക് കടന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. 

കൈത്തറി മേഖലയ്ക്ക് താങ്ങും തണലുമാകുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇതിന് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി കൂടുതല്‍ വിപുലീകരിക്കും. ഏയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുകൂടി സൗജന്യ ഖാദി യൂണിഫോം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളികളിലെ കുട്ടികള്‍ക്കായിരുന്നു ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്. ഇതിനായി 23 ലക്ഷം മീറ്റര്‍ തുണിയായിരുന്നു വേണ്ടിയിരുന്നത്. കുട്ടികളുടെ അഭിരുചിക്കസനുസൃതമായ നിറങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കൃത്യസമയത്ത് തന്നെ യൂണിഫോം ലഭ്യമാക്കുവാന്‍ സാധിച്ചു. ഈ വര്‍ഷം 40 ലക്ഷം മീറ്റര്‍ തുണിയാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി സര്‍ക്കാര്‍ ഖാദിയില്‍ നിന്നും വാങ്ങുന്നത്. 

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ഏര്‍പ്പെടുത്തിയത് കൂടതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം രൂപയുടെ ക്രെഡിറ്റ് സൗകര്യമാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പണം കൃത്യമായി തരാന്‍കഴിയുന്ന മറ്റ് സ്ഥാപനങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 200 രൂപയ്ക്ക് താഴെ തൊഴിലാളികള്‍ക്ക് വരുമാനമുണ്ടായിരുന്നത് 400 മുതല്‍ 600 രൂപ വരെ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് കീഴില്‍ മാത്രം 4500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com