കെ രാജുവിന് പരസ്യശാസന; ഔദ്യോഗികമല്ലാതെ ഒരു പാര്‍ട്ടി മന്ത്രിയും വിദേശ യാത്ര നടത്തരുതെന്ന് സിപിഐ 

പ്രളയക്കെടുതിയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് കാനം
കെ രാജുവിന് പരസ്യശാസന; ഔദ്യോഗികമല്ലാതെ ഒരു പാര്‍ട്ടി മന്ത്രിയും വിദേശ യാത്ര നടത്തരുതെന്ന് സിപിഐ 

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍പ്പെട്ട് ഉലയുമ്പോള്‍ ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയ വനംമന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസന. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മാറിയ സാഹചര്യത്തില്‍ കെ രാജു വിദേശ യാത്ര നടത്തിയത് അനുചിതമായി പോയി. ഇതുസംബന്ധിച്ച് എന്തു ന്യായീകരണം മുന്നോട്ടുവെച്ചാലും അത് സ്വീകാര്യമല്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗതീരുമാനം വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ ആവശ്യത്തിനല്ലാതെ ഒരു പാര്‍ട്ടി മന്ത്രിയും വിദേശ യാത്ര നടത്തരുതെന്നും എക്‌സിക്യൂട്ടീവില്‍ തീരുമാനിച്ചു.

വിദേശ സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് രാജു ജര്‍മ്മനിയിലേക്ക് പോയത്. ഒരു മാസം മുന്‍പ് സിപിഐയുടെ അനുമതി വാങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതിയും നേടിയിരുന്നു. അന്ന് കേരളത്തില്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അദ്ദേഹം വിദേശയാത്ര നടത്തിയത് അനുചിതമായി പോയെന്ന് കാനം പറഞ്ഞു.

കെ രാജു മടങ്ങി വന്നതിന് പിന്നാലെ അദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണം ഇന്ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കാനം പറഞ്ഞു.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച സാലറി ചലഞ്ച് പാര്‍ട്ടി ഏറ്റെടുക്കുന്നു. സിപിഐയുടെ എല്ലാം ജനപ്രതിനിധികളും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. സമ്പന്നരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ നിലയില്‍ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും കാനം ആവശ്യപ്പെട്ടു.

പ്രളയക്കെടുതിയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് കാനം ആവശ്യപ്പെട്ടു. 
ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നോക്കാതെ നടപടി സ്വീകരിക്കണം. ഇടതുമുന്നണി സിപിഐയ്ക്ക് നല്‍കിയ ചീഫ് വിപ്പ് സ്ഥാനത്തെകുറിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com