അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ഇടപെടുമെന്ന കേന്ദ്രസര്‍ക്കാര്‍  വാദം രാഷ്ട്രീയ മുതലെടുപ്പിനോ ? തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ബാങ്കുകള്‍ 

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ആഗ്‌സറ്റില്‍  അറ്റ്‌ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാനാകും
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ഇടപെടുമെന്ന കേന്ദ്രസര്‍ക്കാര്‍  വാദം രാഷ്ട്രീയ മുതലെടുപ്പിനോ ? തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ബാങ്കുകള്‍ 

ന്യൂഡല്‍ഹി : ദുബായി ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന ആരോപണം ശക്തം. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ അടയ്ക്കാത്തതിനെ തുടര്‍ന്ന് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്നൂവര്‍ഷത്തേക്കാണ് ദുബായി കോടതി ശിക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ആഗ്‌സറ്റില്‍  അറ്റ്‌ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാനാകും.

രാമചന്ദ്രന്റെ മോചനത്തിനായി നിരവധി തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു. ഇത്രയും കാലം മോചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍, ശിക്ഷാകാലാവധി കഴിയാറാകുമ്പോള്‍ ഇടപെടുന്നത് രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചാണെന്നാണ് ആക്ഷേപം ഉയരുന്നത്. 

2015 ഓഗസ്റ്റിലാണ് രാമചന്ദ്രന്‍ ജയിലിലായത്. ക്രിമിനല്‍ കേസിലൊഴികെ, ജയിലില്‍ കഴിയുന്ന തടവുപുള്ളികളെ  75 വയസ്സ് പൂര്‍ത്തിയായാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന പതിവുണ്ട്. യുഎഇ ജയില്‍വകുപ്പിന്റെ ഈ നടപടിയും രാമചന്ദ്രന് ഗുണം ചെയ്യും. അതേസമയം ജയില്‍ മോചിതനായാലും കടം വീട്ടിയ ശേഷം മാത്രമേ അദ്ദേഹത്തിന് യുഎഇ വിട്ട് പോകാന്‍ കഴിയൂ. 

നിലവിലെ കണക്കുപ്രകാരം പലിശയടക്കം അഞ്ഞൂറ് കോടിരൂപയിലേറെയാണ് രാമചന്ദ്രന്‍ കൊടുത്തുതീര്‍ക്കാനുള്ളത്. അടച്ചുതീര്‍ക്കാനുള്ള തുക കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് ദോഹ ബാങ്ക്, മഷ്‌റിക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിവ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ രാമചന്ദ്രന്റെ ജയില്‍മോചനത്തിന് സാധ്യത തെളിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ബാങ്ക് അധികൃതര്‍ തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com