വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി
വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജിയില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. മാര്‍ച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും. 

വ്യക്തിഗത സുരക്ഷയ്ക്കുള്ള അപകടസാധ്യത പരിഗണിച്ച് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സല്‍ഭസല്‍ഭരണത്തിനായുള്ള പ്രവര്‍ത്തനങ്ങളും അഴിമതിവിരുദ്ധ സന്ദേശങ്ങളും ബോധവല്‍ക്കരണങ്ങളും വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലുള്ള വെളിപ്പെടുത്തലുകളുടെ പരിധിയില്‍ വരുമെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മാര്‍ച്ചില്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ചത്. തൊട്ടടുത്ത മാസം അദ്ദേഹം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കേരളത്തില്‍ ഈ നിയമം നടപ്പാക്കാന്‍ 2011ല്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്കു സംരക്ഷണം നല്‍കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍ക്ക് അവാര്‍ഡും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം പകര്‍പ്പുകള്‍ സഹിതമാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. 

ഓഖി ദുരന്തത്തില്‍ വിമര്‍ശിച്ച് നടത്തിയ പ്രസംഗം സര്‍ക്കാരിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജേക്കബ് തോമസിന് കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് നല്‍കിയ വിശദീകരണത്തില്‍ വിമര്‍ശനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കി. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് ജേക്കബ് തോമസ് കോടതിയില്‍ ഹര്‍ജിയുമായി രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com