സിപിഎമ്മിന്റെ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത് ഇവിടുത്തെ സാംസ്‌കാരിക നായകരെന്ന് വിടി ബല്‍റാം

അസഹിഷ്ണുതക്കെതിരെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളില്‍ ഇക്കൂട്ടര്‍ സ്വയം കോലം കെട്ടിയാടുന്നത്
സിപിഎമ്മിന്റെ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത് ഇവിടുത്തെ സാംസ്‌കാരിക നായകരെന്ന് വിടി ബല്‍റാം

പാലക്കാട്:  സിപിഎമ്മിന്റെ കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നത് മാധ്യമ, സിനിമാ, സാംസ്‌ക്കാരിക രംഗങ്ങളടക്കിവാഴുന്നവരാണെന്ന് വിടി ബല്‍റാം. എല്ലാം ശരിയാവുമെന്ന വ്യാജവാഗ്ദാനത്തിന്റെ പ്രഥമദൃഷ്ട്യാത്തന്നെയുള്ള പൊള്ളത്തരം തിരിച്ചറിയാന്‍ കഴിയാതെപോയ നിഷ്‌ക്കളങ്കരുടെ കാര്യം വിടാം. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വ്യക്തമായ പശ്ചാത്തലമുള്ള ഒരാളും അയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആശ്രിതക്കൂട്ടവുമായിരിക്കും ഭരണതലപ്പത്ത് വരാന്‍ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും വോട്ട് ചെയ്ത എല്ലാ കേരളീയര്‍ക്കും കണ്ണൂരിന്റെ മണ്ണില്‍ വീണ ശുഹൈബിന്റെ ചോരയില്‍ പരോക്ഷ ഉത്തരവാദിത്തമുണ്ടെന്നും വിടി ബല്‍റാം പറഞ്ഞു

അതിന്റെയൊക്കെ നൂറിരട്ടി കൊടിയ വഞ്ചനയാണ് നിരന്തരം താത്വിക, പ്രത്യയശാസ്ത്ര വാചകക്കസര്‍ത്തുകള്‍ നടത്തി, മാനവികതയുടേയും സഹിഷ്ണുതയുടേയുമൊക്കെ പ്രബന്ധങ്ങള്‍ രചിച്ച്, ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരുപറഞ്ഞ് ഈ ക്രിമിനല്‍ സംഘത്തിനനുകൂലമായി കേരളീയ പൊതുബോധത്തെ രൂപപ്പെടുത്തിയ ഇവിടത്തെ 'സാംസ്‌ക്കാരിക നായകന്മാരു'ടേത്.

എന്നിട്ടിപ്പോ ഒരൊറ്റയെണ്ണത്തിന്റെ നാവ് പൊന്തുന്നുണ്ടോന്ന് നോക്കിയേ! മാധ്യമ, സിനിമാ, സാംസ്‌ക്കാരിക രംഗങ്ങളടക്കിവാഴുന്ന ഈ സിപിഎം അടിമകളാണ് പാര്‍ട്ടിയുടെ കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളുടെ തൊണ്ണൂറ്റഞ്ച് ശതമാനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് സിപിഎം ഉണ്ട് എന്നത് മറച്ചുപിടിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുമൊക്കെയുള്ള സിപിഎമ്മിന്റെ കപടനാടകങ്ങളില്‍ ഇക്കൂട്ടര്‍ സ്വയം കോലം കെട്ടിയാടുന്നത്. ഭൂമിക്ക് ഭാരമായ ഈ പാഴ്ജന്മങ്ങളെ തിരിച്ചറിയാന്‍ കൂടി ഇതൊരു അവസരമാണെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com