ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ സമുദായത്തിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍എസ്എസ്

ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ സംവരണം കൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നു. ഒരു നേതാവിന്റെ കടുംപിടിത്തം അതിനു തടസമായി
ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ സമുദായത്തിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ സമുദായത്തിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വോട്ടു ബാങ്ക് മാത്രമാണ് സംവരണ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. സംവരണം പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോടുള്ള വെല്ലുവിളിയാണിത്. വോട്ടു ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം. ഈ ഗതികേടിനു പരിഹാരം കാണാന്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമ്പത്തിക പിന്നാക്കാവസ്ഥയാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ കാരണം. ഇക്കാര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. 

ദേവസ്വം നിയമനങ്ങളില്‍ സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാന്‍ തീരുമാനമെടുത്ത ഇടതു സര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍എസ്എസ് പ്രമേയം പാസാക്കി. ഈ ആവശ്യം ഉന്നയിച്ച് താന്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിരുന്നതായി അറിയിച്ചു. സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം എന്നത് ന്യായമായ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടിക്കും ഇതേ അഭിപ്രായമായിരുന്നു. ഇത്തരത്തില്‍ സംവരണം നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നു. ഒരു നേതാവിന്റെ കടുംപിടിത്തം കൊണ്ടാണ് അതു നടക്കാതെ പോയതെന്ന് സുകുമാരന്‍ നായര്‍ അനുസ്മരിച്ചു. 

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിന് എസ്ആര്‍ സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com