ബിജെപിയും കോണ്‍ഗ്രസും വോട്ട് ചെയ്തു; കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം

ബിജെപി പിന്തുണയോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടാണ് ആദ്യം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ചിരുന്നത്.
ബിജെപിയും കോണ്‍ഗ്രസും വോട്ട് ചെയ്തു; കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം

കുറവിലങ്ങാട്: ബിജെപി-കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എമ്മിന് ഉഴവൂര്‍ പഞ്ചായത്ത് പ്രിസഡന്റ് സ്ഥാനം ലഭിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെതിരെ നാലിനെതിരെ എട്ട് വോട്ട് നേടിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഷേര്‍ളി രാജു വിജയിച്ചത്. കോണ്‍ഗ്രസിന്റെ എം.ടി മേരി രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് 4, കേരള കോണ്‍ഗ്രസ് എം 4,കോണ്‍ഗ്രസ് 3,ബിജെപി 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. 

കോണ്‍ഗ്രസ് അംഗമായ തോമസ് ജോസഫ് വിദേശത്ത് ആയിരുന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഷേര്‍ളി രാജുവിനെ പിന്തുണച്ച് ബിജെപിയിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്തു. കാലാവധി പൂര്‍ത്തിയാക്കി വൈസ് പ്രസിഡന്റ് പി.എല്‍ എബ്രഹാം രാജിവയ്ക്കുന്ന ഒഴിവില്‍ ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനവും നല്‍കാമെന്ന് ഇരുപാര്‍ട്ടികളുമായി ധാരണയായി. 

ബിജെപി പിന്തുണയോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടാണ് ആദ്യം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന്റെ തലേദിവസം ഡിസിസി ആസ്ഥാനത്ത് വിളിച്ച യോഗത്തില്‍ പ്രസിഡന്റ് ജോഷി ഫിലിപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഷേര്‍ളി രാജുവിന് വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കുകയായിരുന്നു. 

കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിലെടുക്കണമെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സിപിഐയെ പറഞ്ഞു മനസ്സിലാക്കി കേരള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയും കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കി പ്രസിഡന്റ് സ്ഥാനം നേടിയത് പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com