സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരിയില്‍ ഇന്ന് തിരിതെളിയും

രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കൗമാര കലാമാമാങ്കം ഉദ്ഘാടനം ചെയ്യുന്നത്
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരിയില്‍ ഇന്ന് തിരിതെളിയും

തൃശൂര്‍ : 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരിയില്‍ ഇന്ന് തിരിതെളിയും. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയായ നീര്‍മാതളത്തില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കൗമാര കലാമാമാങ്കത്തിന് തിരിതെളിയിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എസി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, മേയര്‍ എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 

ഉദ്ഘാടനത്തിന് മുന്നോടിയായി കലോല്‍സവ നഗരിയില്‍ കേളികൊട്ടുയരും. തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറും. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് മെഗോഷോ അണിയിച്ചൊരുക്കുന്നത്. 1000 കുട്ടികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള അഞ്ച് പകലിരവുകള്‍ സാംസ്‌കാരിക നഗരി കലയുടെ ആവേശത്തിലാകും. 

2008 ന് ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോല്‍സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മല്‍സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ മല്‍സരാര്‍ത്ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണ് പ്രതീക്ഷ. 

കലോല്‍സവത്തിന്റെ കൊടി ഇന്നലെ ഉയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറാണ് ഇന്നലെ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പാചകപ്പുരയില്‍ പാലുകാച്ചലും, ഉച്ച കഴിഞ്ഞ് വിളംബര ജാഥയും നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com