ഹര്‍ത്താല്‍: ചര്‍ച്ചായാകാമെന്ന് പിണറായി

ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ പോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് നമ്മുടെത്. സര്‍ക്കാര്‍ നടപടിയിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല അത്
ഹര്‍ത്താല്‍: ചര്‍ച്ചായാകാമെന്ന് പിണറായി

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ തീരാദുരിതമാണെന്ന് ലോക കേരള സഭയിലെ ചര്‍ച്ചയ്ക്ക് പിന്നാലെ ഹര്‍ത്താലില്‍ ചര്‍ച്ചായാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ സമാപനസമ്മേളനത്തിലായിരുന്നു പിണറായിയുടെ വാക്കുകള്‍.

ഹര്‍ത്താലിനെതിരെ സമരം നടത്തിയവര്‍ പോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നാടാണ് നമ്മുടെത്. സര്‍ക്കാര്‍ നടപടിയിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല അത്. വിപുലമായ പങ്കാളിത്തത്തോടെ അത് ചര്‍ച്ച ചെയ്യാമെന്നും പിണറായി പറഞ്ഞു.

പെട്ടെന്നുണ്ടാക്കുന്ന ഹര്‍ത്താല്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്ന് ലോക കേരളസഭയില്‍ യുസഫലി പറഞ്ഞിരുന്നു. 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം നല്‍കാന്‍ ഹര്‍ത്താല് നടത്തുന്നവര്‍ ശ്രദ്ധിക്കണം. മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്നവര്‍ പെട്ടെന്നുള്ള ഹര്‍ത്താല്‍ കാരണം ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങി പോകുകയാണെന്നും യൂസഫലി പറഞ്ഞിരുന്നു

വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.

വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പിണറായി പറഞ്ഞു.

കേരള വികസന നിധി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും നല്‍കാനും ഉദ്ദേശിക്കുന്നു.
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്‌കീം ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
   
ഇന്നലെയും ഇന്നുമായി ലോക കേരളസഭയുടെ സമ്മേളനത്തിലും സമാന്തര സെഷനുകളിലും കരട് രേഖയിലെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പലരും വിശദമായ കുറിപ്പുകള്‍ അയച്ചുതരികയും നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയും ചെയ്തിരുന്നു. അതെല്ലാം വിശദമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളും പരിപാടികളും ആവിഷ്‌കരിക്കും. ചര്‍ച്ചയ്ക്കുള്ള രേഖ സമ്പുഷ്ടമാക്കുന്നതിലും സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിലും ഈ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും സഹായിച്ചിട്ടുണ്ട്.
   
പ്രവാസി നിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍, പ്രത്യേകിച്ച് സാമ്പത്തിക നിക്ഷേപം നടത്താന്‍ ആവശ്യമായ സ്‌കീമുകളും പദ്ധതികളും നടപ്പിലാക്കുന്ന കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ പദ്ധതികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനാവശ്യമായ മാര്‍ഗരേഖ/ചട്ടക്കൂട് നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇക്കാര്യം സജീവമായി പരിഗണിക്കുന്നതാണ്. പുതിയ വികസന കേന്ദ്രങ്ങളായ കണ്ണൂര്‍, ശബരിമല എയര്‍പോര്‍ട്ടുകള്‍ പോലുള്ളവയില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരിക എന്ന കാഴ്ചപ്പാടായിരിക്കും ഈ രംഗത്ത് മുന്നോട്ടുവയ്ക്കുക. നാഷണല്‍ ഹൈവേകളിലെ വിശ്രമകേന്ദ്രങ്ങള്‍ മറ്റൊരു നിക്ഷേപ മേഖലയാകണമെന്ന നിര്‍ദ്ദേശവും പരിശോധിക്കും.
   
കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ക്ക്   ഏകജാലക സംവിധാനത്തിന് പുറമെ എന്‍.ആര്‍.ഐ നിക്ഷേപത്തിന് മാത്രമായി ഒരു ഏകജാലക സംവിധാനം ആരംഭിക്കണം എന്ന നിര്‍ദ്ദേശം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സാധ്യതാ പഠനം നടത്തുകയാണ് ആദ്യ നടപടി. അത് സ്വീകരിക്കും. പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിനാവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനും സിംഗിള്‍ വിന്‍ഡോ അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും. റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സോളാര്‍ വൈദ്യുതി, ശുദ്ധജല, നാളികേര ഉത്പന്നവിപണനം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ പഠനവിധേയമാക്കുമെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com