അജ്ഞാത മൃതദേഹത്തെ തേടി അവസാനം വീട്ടുകാര്‍ എത്തി; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു വീട്ടുകാര്‍ക്ക് നല്‍കി 

കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ കൃഷ്ണന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്നതിനിടെ ജൂണ്‍ 12 നാണ് സേവ്യറിന്റെ മൃതദേഹം ലഭിക്കുന്നത്
അജ്ഞാത മൃതദേഹത്തെ തേടി അവസാനം വീട്ടുകാര്‍ എത്തി; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു വീട്ടുകാര്‍ക്ക് നല്‍കി 

കൊച്ചി; അജ്ഞാതനായി സംസ്‌കരിച്ച മൃതദേഹം വീട്ടുകാര്‍ അന്വേഷിച്ച് എത്തിയതിനെ തുടര്‍ന്ന് തിരിച്ചെടുത്ത് നാട്ടിലേക്ക് കൊണ്ടുപോയി. വിഴിഞ്ഞം അടിമലത്തുറ സ്വദേശി കൊട്ടുങ്കല്‍ സേവ്യറുടെ മൃതദേഹമാണ് അവസാനം വീട്ടുകാരുടെ കൈയിലേക്ക് തന്നെ തിരികെയെത്തിയത്. 

കൊച്ചി കായലില്‍ നിന്നാണ് പൊലീസിന് സേവ്യറിന്റെ മൃതദേഹം ലഭിച്ചത്. പരസ്യം നല്‍കിയെങ്കിലും ആരും അന്വേഷിച്ച് വരാതായതോടെയാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ആളെ തിരിച്ചറിഞ്ഞ് വീട്ടുകാര്‍ എത്തിയതോടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് വിട്ടുകൊടുക്കുകയായിരുന്നു. 

കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ കൃഷ്ണന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്നതിനിടെ ജൂണ്‍ 12 നാണ് സേവ്യറിന്റെ മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇത് കൃഷ്ണന്റെ മൃതദേഹമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അജ്ഞാത മൃതദേഹം ലഭിച്ചതായി പരസ്യവും നല്‍കി. തുടര്‍ന്ന് അവകാശികള്‍ എത്താതായതോടെയാണ് ജൂണ്‍ 21 ന് പുല്ലേപ്പടി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. 

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച സേവ്യറിനെ തിരഞ്ഞ് വീട്ടുകാര്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ എത്തി. മരിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ചിത്രവും കണ്ടാണ് മരിച്ചത് സേവ്യര്‍ തന്നെയെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് മതാചാരപ്രകാരം സേവ്യറിന്റെ സംസ്‌കാരം നടത്തണമെന്ന് വീട്ടുകാര്‍ താല്‍പ്പര്യപ്പെട്ടതോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സേവ്യറിനെ കാണാനില്ലെന്ന് വീട്ടുകാര്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് അജ്ഞാതനിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com