ജസ്‌നയെ കുറിച്ച് സൂചനയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മുണ്ടക്കയത്ത് കണ്ടത് ജസ്‌നയാണെന്ന് ഉറപ്പില്ലെന്ന് സഹോദരന്‍

സാധ്യമായ എല്ലാ രീതിയിലും അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു
ജസ്‌നയെ കുറിച്ച് സൂചനയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; മുണ്ടക്കയത്ത് കണ്ടത് ജസ്‌നയാണെന്ന് ഉറപ്പില്ലെന്ന് സഹോദരന്‍

പത്തനംതിട്ട: മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജസ്‌നയെ കുറിച്ച് സൂചനയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാധ്യമായ എല്ലാ രീതിയിലും അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം മുണ്ടക്കയത്തുളള കടയിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ ജസ്‌നയുടേതാണെന്ന് ഉറപ്പില്ലെന്ന് സഹോദരന്‍ പറഞ്ഞു. ജസ്‌നയുടെ തിരോധനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.

 മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ച ജസ്നയുടേതെന്ന് തോന്നിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. അങ്ങനെയെങ്കില്‍ പൊലീസ് അന്വേഷണം തുടരട്ടെയെന്ന് കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിയെ കാണാതായ ദിവസം പകല്‍ 11.44 നു ജസ്‌നയോട് രൂപസാദൃശ്യമുളള ഒരു യുവതി മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണു സി.സി.ടി.വിയില്‍ പതിഞ്ഞത്. തൊട്ടുപിന്നാലെ ജെസ്‌നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടിമിന്നലില്‍ കേടുവന്ന കാമറയിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്‌ന ധരിച്ചിരുന്നതു ചുരിദാര്‍ ആണെന്നാണ് എരിമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്.

കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും ഉണ്ടായിരുന്നു. ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് ജെസ്‌ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായി സൂചനയുണ്ട്. ജെസ്‌ന വസ്ത്രം മാറിയത് എവിടെ വച്ചാണ് എന്നും മുണ്ടക്കയത്ത് വച്ച് സുഹൃത്തുമായി കണ്ടുമുട്ടിയിരുന്നോ എന്നുമുള്ള കാര്യം പൊലീസ് അന്വേഷിക്കുണ്ട്്.

മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലേയ്ക്കു പോകുന്നു എന്ന് പറഞ്ഞ് മാര്‍ച്ച് 22 ന് രാവിലെ എരിമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com