വിദേശത്ത് ജോലി വാങ്ങി നല്‍കും; മലയാളികളില്‍ നിന്നും കോടികള്‍ തട്ടി; ഒരു യുവതി അറസ്റ്റില്‍

.ഓരോ അപേക്ഷകനില്‍ നിന്നും ഒരു ലക്ഷം വീതം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നായി നാലു കോടിയോളം രൂപ റിക്രൂട്ടിങ് ഏജന്‍സി തട്ടിയെടുത്തതായാണു പരാതിക്കാരുടെ ആരോപണം
വിദേശത്ത് ജോലി വാങ്ങി നല്‍കും; മലയാളികളില്‍ നിന്നും കോടികള്‍ തട്ടി; ഒരു യുവതി അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നാനൂറോളംപേരില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വീതം വാങ്ങി മുംബൈയിലെ ഏജന്‍സി കോടികള്‍ തട്ടിയെടുത്തു. പണം തിരികെ കിട്ടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സംസ്ഥാന സര്‍ക്കാരിനും നോര്‍ക്ക വകുപ്പിനും ഡിജിപിക്കും പരാതി നല്‍കി. മുംബൈയിലെ കോപ്പര്‍ഖൈര്‍ണെ സെക്ടര്‍ പത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ലൈന്‍ മറൈന്‍ ഓഫ്‌ഷോര്‍ എന്ന സ്ഥാപനമാണു  വന്‍തട്ടിപ്പു നടത്തിയതെന്നു ചതിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ കോപ്പര്‍ഖൈര്‍ണെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ ഒരു യുവതിയെ മാത്രമാണ് അറസ്റ്റു ചെയ്തത്.

ലോക്കല്‍ പൊലീസ് അനാസ്ഥ കാണിച്ചതോടെ ഇവര്‍  മലയാളി സംഘടനകളുടെയും സമാജം പ്രവര്‍ത്തകരുടെയും സഹായത്തോടെ നവിമുംബൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. എല്ലാവരുടെയും പണവും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടു.ഓരോ അപേക്ഷകനില്‍ നിന്നും ഒരു ലക്ഷം വീതം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നായി നാലു കോടിയോളം രൂപ റിക്രൂട്ടിങ് ഏജന്‍സി തട്ടിയെടുത്തതായാണു പരാതിക്കാരുടെ ആരോപണം. ജോലി തയാറായെന്നും ഉടന്‍ എത്തണമെന്നും അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്നു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അവസാനനിമിഷം വിമാന ടിക്കറ്റെടുത്തു  മുംബൈയിലെത്തിയതുമായി ബന്ധപ്പെട്ട ധനനഷ്ടം ഇതിനു പുറമെയാണ്.


നാലുമാസം മുന്‍പ്  മലേഷ്യ, സിംഗപ്പുര്‍, തായ്!ലന്‍ഡ് എന്നിവിടങ്ങളില്‍ എണ്ണക്കിണറുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ഒഴിവുണ്ടെന്നു വിവിധ വെബ്ൈസറ്റുകളിലൂടെ പരസ്യം ചെയ്താണു തട്ടിപ്പു നടത്തിയത്. കമ്പനി റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കിയത്.  എന്‍ജിനീയര്‍, ഹെല്‍പര്‍ തസ്തികകളില്‍ ഒഴിവുണ്ടെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം വിളിച്ച് അന്വേഷിച്ചവരോടു നേരിട്ട് പാസ്‌പോര്‍ട്ടും വിദ്യാഭ്യാസ രേഖകളും മറ്റുമായി എത്താന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. കോപ്പര്‍ഖൈര്‍ണയിലെ എക്‌സ്‌ലൈന്‍ ഓഫിസിലെ യുവതിയാണ് ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നടത്തി യോഗ്യരെ തിരഞ്ഞെടുത്തത്.  തുടര്‍ന്നു 30,000 രൂപ ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

രണ്ടാംഘട്ടത്തില്‍ 60,000 രൂപയും വിദേശ യാത്രയ്ക്കു സമയമാകുമ്പോള്‍ 30,000 രൂപയും അടയ്ക്കാനും ആവശ്യപ്പെട്ടു. ഇതിനു പുറമെ 15,000 രൂപ സര്‍ട്ടിഫിക്കേഷന്‍ എന്ന പേരിലും വാങ്ങി. കൃതമായി അറിയിപ്പും ഘട്ടം ഘട്ടമായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിലെ കണിശതയും നല്ല പെരുമാറ്റവും ആയിരുന്നു റിക്രൂട്ടിങ് ഏജന്‍സിയിലെ ആളുകളുടേത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ സംശയം തോന്നിയില്ലെന്നും എന്നാല്‍, നടപടികള്‍ പറഞ്ഞതിലും വൈകാന്‍ തുടങ്ങിയപ്പോഴാണു തട്ടിപ്പു മണത്തതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

അതിനിടെ, കുറച്ച് അപേക്ഷകര്‍ കേരളത്തില്‍ നിന്നു മുംബൈയിലെ ഓഫിസിലെത്തി അന്വേഷിച്ചപ്പോള്‍ റിക്രൂട്ടിങ് നടപടികള്‍ ഏകോപിപ്പിച്ചിരുന്ന അവന്തിക എന്ന യുവതി സ്ഥാപനം ഉടമയാണെന്നു ചൂണ്ടിക്കാട്ടി സാജിദ് ഖാന്‍ എന്നയാളെ പരിചയപ്പെടുത്തി. 28 ദിവസത്തിനുശേഷം നടപടികള്‍ പൂര്‍ത്തിയാകുമെന്ന് അയാള്‍ ഉദ്യോഗാര്‍ഥികള്‍ക്കു മറുപടി നല്‍കി. ആ തീയതി ആകുന്നതിനു തൊട്ടുമുന്‍പ്, കഴിഞ്ഞദിവസം എല്ലാം ഓക്കെ ആണെന്നും ഉടന്‍ മുംബൈയിലെത്തണമെന്നും എക്‌സ്‌ലൈന്‍ ഏജന്‍സി ഉദ്യോഗാര്‍ഥികള്‍ക്ക്  അറിയിപ്പു നല്‍കി.

കഴിഞ്ഞമാസം 26നു മൂന്നുമണിക്ക് എത്താന്‍ ഒരു ബാച്ചിനോട് 25നാണു റിക്രൂട്ടിങ് ഏജന്‍സി അധികൃതര്‍ ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. 27, 28 തീയതികളില്‍ ജോലിക്കായി പോകേണ്ടവരോടു യഥാക്രമം തലേദിവസങ്ങളിലാണ് അറിയിപ്പു നല്‍കിയത്. ഇതേത്തുടര്‍ന്നു പലരും തിരക്കിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചും കൂടിയ തുകയ്ക്കു വിമാന ടിക്കറ്റ് എടുത്തും കോപ്പര്‍ഖൈര്‍ണയിലെ റിക്രൂട്ടിങ് ഏജന്‍സി ഓഫിസിലെത്തിയപ്പോഴാണു കൃത്യമായ നിര്‍ദേശങ്ങളില്ലാതെ ആകെ ആശയക്കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

അവിടെയുണ്ടായിരുന്ന അവന്തിക എന്ന ജീവനക്കാരി കാര്യങ്ങള്‍ തുടര്‍ച്ചയായി മാറ്റിപ്പറയുകയും ചെയ്തതോടെ ഉദ്യോഗാര്‍ഥികള്‍ക്കു സംശയമായി. ഉടമയെന്നു പറഞ്ഞു നേരത്തെ പരിചയപ്പെടുത്തിയ സാജിദ് ഖാനെക്കുറിച്ച് അന്വേഷിച്ചിട്ടും അയാളെ അവിടെ കാണാന്‍ കഴിയാതിരുന്നതു സംശയം ബലപ്പെടുത്തി. 

തുടര്‍ന്ന് അവന്തിക ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ആഷ എന്നാണ് അവരുടെ യഥാര്‍ഥ പേരെന്നു കണ്ടുപിടിച്ചതോടെ തട്ടിപ്പു സംഘമാണെന്ന് ഉറപ്പാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഇതിനിടെ, മൂന്നു ദിവസങ്ങളിലായി മുംബൈയിലെ ഓഫിസിലെത്തിയ  ഉദ്യോഗാര്‍ഥികളെല്ലാം സംഘടിക്കുകയും വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു കാര്യങ്ങള്‍ കൈമാറുകയും ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തി പുറത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com