കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം ; വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാകരുതെന്നും ഹൈക്കോടതി

കലാലയങ്ങളില്‍ ആശയ പ്രചരണമാകം. എന്നാല്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കരുത്.  കലാലയങ്ങളില്‍ ഇനിയും ജീവന്‍ പൊലിയരുതെന്നും കോടതി
കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം ; വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാകരുതെന്നും ഹൈക്കോടതി

കൊച്ചി :  കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളേജില്‍ കൊലപാതകം നടന്നത് ദുഃഖകരമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ക്യാമ്പസ് രാഷ്ട്രീയം സംബന്ധിച്ച് മൂന്നു തവണയായി കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. എന്നാല്‍ ഈ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ വിഷയത്തില്‍ കോടതിക്ക് നല്‍കിയ ഉറപ്പുകള്‍ പോലും സര്‍ക്കാര്‍ പാലിച്ചില്ല. ഇതിന്‍രെ പരിണിത ഫലമാണ് മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു. 

കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. സമരപരിപാടികളൊന്നും കോളേജുകളില്‍ അടിച്ചേല്‍പ്പിക്കരുത്. വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാകാന്‍ പാടില്ല. കലാലയങ്ങളില്‍ ആശയ പ്രചരണമാകം. എന്നാല്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ധര്‍ണകള്‍, സമരങ്ങള്‍, പ്രതിഷേധ പരിപാടികള്‍ തുടങ്ങിയവ കലാലയങ്ങളില്‍ അനുവദിക്കരുത്. കലാലയങ്ങളില്‍ ഇനിയും ജീവന്‍ പൊലിയരുതെന്നും കോടതി പറഞ്ഞു. 

അതേസമയം അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഈ സംഭവത്തിന്റെ പേരില്‍ പൊതു നിലപാട് കോടതി എടുക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ വാദം കോടതി തള്ളി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com