സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രണയം പൂത്തുതളിര്‍ത്തതിനെ തുടര്‍ന്ന് കാമുകനെ തേടി ഇറങ്ങിയ യുവതി പൊലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം സ്വദേശിയായ കാമുകനും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന യുവാവ് തള്ളിയതോടെയാണ് യുവതി വീടുവിട്ട് ഇറങ്ങുന്നത്. അവസാനം പ്രശ്‌നം പൊലീസിന് തലവേദനയായതോടെ ഇരുവരുടേയും വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞയക്കുകയായിരുന്നു.
ഇരുവരും സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു ആദ്യം. എന്നാല്‍ നേരിട്ടുകാണാതെ ഇരുവരുടേയും ബന്ധം പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഇതിന് തയാറായില്ല. ഇതോടെയാണ് യുവതി തന്റെ വീട് വിട്ട് ഇറങ്ങുന്നത്. ആദ്യം യുവതി കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി. നായകന്‍ ഏരൂര്‍ സ്‌റ്റേഷന്‍ പരിധിയിലാണെന്നു മനസിലായതോടെ യുവതിയെ ഏരൂര്‍ പൊലീസിനു കൈമാറുകയായിരുന്നു.
തുടര്‍ന്നു യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ അത്രവലിയ പ്രണയമൊന്നും ഇല്ലെന്നാണു യുവാവ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ യുവതിയെ കാണാതെ വീട്ടുകാര്‍ പരക്കം പാഞ്ഞു. ഏരൂര്‍ സ്‌റ്റേഷനില്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ ഇന്നലെ രാത്രി സ്‌റ്റേഷനില്‍ എത്തി. യുവതീയുവാക്കള്‍ അവിവാഹിതരും പ്രായപൂര്‍ത്തിയായവരും ആയതിനാല്‍ വിഷയം ഇനി വീട്ടുകാര്‍ കൈകാര്യം ചെയ്യട്ടെ എന്നാണു പൊലീസിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ