ഹര്‍ത്താല്‍ നടത്തുന്നത് അരാജക സംഘടനകള്‍: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്എസ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു സംഘനകള്‍ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്എസ്.
ഹര്‍ത്താല്‍ നടത്തുന്നത് അരാജക സംഘടനകള്‍: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്എസ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു സംഘനകള്‍ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്എസ്. 
ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ള ഹനുമാന്‍ സേന, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സംഘടനകളാണ്. അവര്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലിന് സംഘത്തിന്റെ പിന്തുണ ഒരിക്കലുമുണ്ടാകില്ല. ജെല്ലിക്കെട്ട് മാതൃകയിലുള്ള സമരവും അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന സമരമാണ്, അതും അംഗീകരിക്കില്ല- ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം വിഭാഗം മേധാവി ഇ.എന്‍ നന്ദകുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

ആരാധനാലയങ്ങളില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ലായെന്നാണ് സംഘത്തിന്റെ നിലപാട്. ഒരു ക്ഷേത്രത്തിലും ലിഗ-ജാതി വിവേചനങ്ങള്‍ അനുവദിക്കാന്‍ പാടില്ല. ശബരിമലയിലും അത് തന്നെയാണ് നിലപാട്. പക്ഷേ ഇത് തീരുമാനിക്കേണ്ടത് കോടതിയല്ല, ഹൈന്ദവ സംഘടനകള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുക്കേണ്ടത്. കാരണം കോടതി തീരുമാനിക്കുകയാണെങ്കില്‍ മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം. കോടതി ഒരു ജാതിയുടെയും മതത്തിന്റെയും മാത്രമല്ല, ഹിന്ദുക്കള്‍ക്ക് ബാധകമാണെങ്കില്‍ മുസ്‌ലിമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അത് ബാധകമാണ്-നന്ദകുമാര്‍ പറഞ്ഞു. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കരുത് എന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി,  ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദു പാര്‍ലമെന്റും രംഗത്ത് വന്നിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിന് എതിരെ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമര മാതൃതകയില്‍ സമരം നടത്തുമെന്നാണ് ഹിന്ദു പാര്‍ലമെന്റിന്റെ ഭീഷണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com