മലപ്പുറത്ത് ഈ വീടിന്റെ ചുവരുകള്‍ പാര്‍ട്ടി ബുക്ക് ചെയ്തത് ആയിരം വര്‍ഷത്തേയ്ക്ക് 

പരപ്പനങ്ങാടിയില്‍ അജ്ഞാത ചുവരെഴുത്തുസംഘം രണ്ടു വീടുകളുടെ ചുവരുകള്‍ ആയിരം വര്‍ഷത്തേക്ക് ബുക്ക് ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: പരപ്പനങ്ങാടിയില്‍ അജ്ഞാത ചുവരെഴുത്തുസംഘം രണ്ടു വീടുകളുടെ ചുവരുകള്‍ ആയിരം വര്‍ഷത്തേക്ക് ബുക്ക് ചെയ്തു. രാത്രിയുടെ മറവിലായിരുന്നു സംഭവം. പരപ്പനങ്ങാടി പഴശ്ശിനഗറിലെ രണ്ടുവീടുകളുടെ ചുമരിലും ജനലിലുമാണ് 'സിപിഐഎം-ബുക്ക്ഡ് 3030' എന്നെഴുതി രക്തതാരകം വരച്ചുവച്ചത്. 

കനത്ത മഴയുണ്ടായിരുന്ന ശനിയാഴ്ച പുലര്‍ച്ചെ, വൈദ്യുതിയില്ലാത്ത സമയത്താണു സംഭവം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ചുവരെഴുത്തുസംഘം ഇരുട്ടില്‍ മറഞ്ഞു. ഇതു സംബന്ധിച്ച് 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

തുടിശേരി വേലായുധന്‍, തണ്ടാംപറമ്പത്ത് ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് ബുക്കിങിന് ഇരയായത്. ചുവരിലും തൂണിലും ജനലിലും തുടങ്ങി എല്ലായിടത്തും ചുവപ്പു പെയിന്റ് ഉപയോഗിച്ച് സിപിഐഎം ബുക്ക്ഡ് എന്ന് എഴുതിയിരിക്കുകയാണ്. വേലായുധന്റെ വീട് പ്രധാനപാതയുടെ അരികിലാണ്. ചന്ദ്രന്റെ വീട് ഉള്ളിലേക്കു മാറിയും. രണ്ടുപേരും ബിജെപി അനുഭാവികളാണ്. ചന്ദ്രന്റെ വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തിട്ടുമുണ്ട്. ശബ്ദം കേട്ട് പുറത്തു വന്നപ്പോള്‍ കുറച്ചാളുകള്‍ ഇറങ്ങിപ്പോകുന്നതു കണ്ടതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com