ബിജെപിയുടെ കാവിരക്തം തന്നെയാണ് കോണ്‍ഗ്രസിന്റെ സിരകളിലും; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാര്‍ 

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍
ബിജെപിയുടെ കാവിരക്തം തന്നെയാണ് കോണ്‍ഗ്രസിന്റെ സിരകളിലും; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാര്‍ 

കൊല്ലം:രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ . അടിയന്തരാവസ്ഥ കാലത്തെ 
രാഷ്ട്രീയ, സാംസ്‌കാരിക സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ബിജെപി ഭരണത്തില്‍ ഫാസിസ്റ്റ് ശക്തികളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. പശു ഇറച്ചിയുടെ പേരില്‍ പോലും മനുഷ്യനെ കൊല്ലുന്നു. എന്തു ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, ഏതു മതത്തില്‍ വിശ്വസിക്കണമെന്നുമൊക്കെ ഫാസിസ്റ്റ് ശക്തികള്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ശശി കുമാര്‍ പറഞ്ഞു. 
കൊല്ലത്ത് നടക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള പ്രതിനിധി സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബിജെപിയുടെ കാവിരക്തം തന്നെയാണ് കോണ്‍ഗ്രസിന്റെ സിരകളിലും. ആദര്‍ശം ബലികഴിച്ച് മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് പോയതും ആര്‍എസ്എസ് സ്ഥാപകനെ വീരപുത്രനായി പ്രഖ്യാപിച്ചതും നാം കണ്ടു. ദേശീയ പതാകയെ അംഗീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. 

മാധ്യമങ്ങളില്‍ ഹിന്ദുത്വ അജണ്ട ആദ്യമായി നടപ്പാക്കിയത്  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. സമാധാനത്തിന്റെ സന്ദേശവാഹകനായ രാമനെ യുദ്ധവീരനായി ചിത്രീകരിച്ച് രാമായണം സീരിയല്‍ ഔദ്യോഗിക മാധ്യമമായ ദൂരദര്‍ശനില്‍  പ്രക്ഷേപണം ചെയ്തത് ഹിന്ദുവോട്ട് ലക്ഷ്യമാക്കിയാണ്. ഇന്ന് സംഘപരിവാര്‍ രാമനെ ഉയര്‍ത്തിപ്പിടിക്കുന്നു. മാധ്യമങ്ങളുടെ പ്രധാന ധര്‍മം ഭരണകൂടങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണെന്നും ശശികുമാര്‍ പറഞ്ഞു.
 
സംഘപരിവാറിന്റെ  ആശയഗതിക്ക് എതിരായ സിനിമയെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്നു. അത്തരം സിനിമകളുടെ സെന്‍സറിങ് സര്‍ട്ടിഫിക്കറ്റ് തടയുന്നതും സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുന്നതും പതിവായി. രാജ്യത്ത് ജനാധിപത്യം ഏറെ ദുര്‍ബലമായി. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമ്മര്‍ദ ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമെ കഴിയൂ. - ശശികുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com