വിശദീകരണം തള്ളി ; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം

ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു
വിശദീകരണം തള്ളി ; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം

തിരുവനന്തപുരം : സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. നിയമ സെക്രട്ടറിയും സമിതിയുലുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

സര്‍്ക്കാര്‍ നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. സമിതി നല്‍കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറും. ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് സര്‍ക്കാര്‍ നടപടി. 

അഴിമതി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പ്രസംഗമാണ് അച്ചടക്ക നടപടിയിലേക്ക് വഴിവെച്ചത്. ഓഖി ദുരന്തം നേരിടുന്നതില്‍  സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും, കടലില്‍ കാണാതായവരെക്കുറിച്ച് സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ കണക്കില്ലെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. പാവപ്പെട്ട മല്‍സ്യ തൊഴിലാളികളായതുകൊണ്ടാണ് സര്‍ക്കാരിന്റെ അലംഭാവം. പണക്കാരന്റെ മക്കളായിരുന്നു കടലില്‍ പോയിരുന്നതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. 

സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചത് കൂടാതെ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തക രചന നടത്തിയതിനും ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലെ ചില വെളിപ്പെടുത്തലില്‍ ജേക്കബ് തോമസ് സര്‍വീസ് ചട്ടലംഘനം നടത്തിയതായി മുന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com