കേരളവും ത്രിപുരയോട് അടുക്കുന്നു; മണിക് സര്‍ക്കാരിന്റെത് വെറും ലളിത ജീവിത കാല്‍പ്പനിക വര്‍ണന: വിടി ബല്‍റാം

കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഒരു സംസ്ഥാന തല വേര്‍ഷനായിരുന്നു ത്രിപുരയിലും കാല്‍ നൂറ്റാണ്ടായി അവര്‍ നിലനിര്‍ത്തിപ്പോന്നിരുന്നത് എന്നതാണ് പലരും ഇനിയും തിരിച്ചറിയാത്ത യാഥാര്‍ത്ഥ്യം
കേരളവും ത്രിപുരയോട് അടുക്കുന്നു; മണിക് സര്‍ക്കാരിന്റെത് വെറും ലളിത ജീവിത കാല്‍പ്പനിക വര്‍ണന: വിടി ബല്‍റാം


കൊച്ചി: ത്രിപുരയില്‍ സ്വയം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റേതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പതിവുപോലെ ശതമാനക്കണക്കുകളുമായി വൃഥാശ്രമം നടത്തുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം നോക്കുമ്പോള്‍ ഇത്തവണയും സിപിഎമ്മിന് കാര്യമായ ക്ഷീണമില്ല എന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാണ് പ്രശ്‌നകാരണം എന്നും ഒറ്റനോട്ടത്തില്‍ തോന്നുമായിരിക്കാം. എന്നാല്‍ ത്രിപുരയിലെ ഏറ്റവും ഒടുവിലെ പൊതുതെരഞ്ഞെടുപ്പ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു എന്നത് മറക്കരുത്. 64% ലേറെ വോട്ടാണ് അന്നവിടെ സിപിഎമ്മിന് കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയത് വെറും 15.2% വോട്ട്. ബിജെപിക്ക് അന്ന് കിട്ടിയത് 5.7% വോട്ട്. ആ സിപിഎമ്മിന് ഇന്ന് ഇരുപത് ശതമാനത്തോളം വോട്ട് കുറഞ്ഞ് 45% ലെത്തിയിട്ടുണ്ടെങ്കില്‍ അതിന് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ലെന്നും വിടി ബല്‍റാം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ഒഴുകിയതിനേക്കാള്‍ സിപിഎമ്മില്‍ നിന്ന് തന്നെയാണ് ബിജെപിയിലേക്ക് വോട്ടര്‍മാരുടെ കൂട്ടപ്പലായനം ഉണ്ടായിരിക്കുന്നത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ഐഎന്‍പിടി യുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മത്സരിച്ചത് കൊണ്ടാണ് 35 ശതമാനത്തോളം വോട്ട് അന്ന് ലഭിച്ചത്. മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രിയുടെ കട്ടന്‍ചായ, പരിപ്പുവട, സൈക്കിള്‍ യാത്ര, 1825 രൂപയുടെ ബാങ്ക് ബാലന്‍സ് എന്നിങ്ങനെയുള്ള പുറമേക്ക് പ്രചരിച്ചിരുന്ന ലളിതജീവിത കാല്‍പ്പനിക വര്‍ണ്ണനകള്‍ക്കപ്പുറം ത്രിപുരയിലെ ജനങ്ങള്‍ സിപിഎം എന്ന പാര്‍ട്ടിയേയും അതിന്റെ ഭരണത്തേയും അങ്ങേയറ്റം വെറുത്തിരുന്നു എന്നത് തന്നെയാണ് ഈ ജനവിധികൊണ്ട് ബോധ്യമാവുന്നതെന്നും ബല്‍റാം പറയുന്നു

കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഒരു സംസ്ഥാന തല വേര്‍ഷനായിരുന്നു ത്രിപുരയിലും കാല്‍ നൂറ്റാണ്ടായി അവര്‍ നിലനിര്‍ത്തിപ്പോന്നിരുന്നത് എന്നതാണ് പലരും ഇനിയും തിരിച്ചറിയാത്ത യാഥാര്‍ത്ഥ്യം. ജനാധിപത്യപരമായ യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാതെ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായി അടിച്ചമര്‍ത്തിയും കൊലപ്പെടുത്തിയും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും സ്വന്തം സമഗ്രാധിപത്യം അരക്കിട്ടുറപ്പിക്കുന്ന ഫാഷിസ്റ്റ് പ്രവര്‍ത്തന ശൈലി തന്നെയായിരുന്നു ത്രിപുരയിലും സിപിഎമ്മിന്റേത്. മൂന്നര പതിറ്റാണ്ട് കാലം ബംഗാളിലും സ്ഥിതി അതുതന്നെയായിരുന്നു. 75 വര്‍ഷത്തെ സോവിയറ്റ് യൂണിയന്റേയും ഇപ്പോഴും തുടരുന്ന ചൈനയുടെയും ഉത്തര കൊറിയയുടേയുമൊക്കെ കമ്മ്യൂണിസ്റ്റ് അനുഭവവും ഇതുതന്നെയാണ്. പൂര്‍ണ്ണമായും തകര്‍ന്നടിയുമ്പോള്‍ മാത്രമാണ് ഇതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും പുറത്തു വരുന്നത് എന്നേയുള്ളൂ.

ഇനിയെങ്കിലും ശരിയായ പാഠം പഠിച്ച് സ്വയം തിരുത്തേണ്ടത് സിപിഎം തന്നെയാണ്, അവര്‍ അവശേഷിക്കുന്ന ഏക സ്ഥലമായ കേരളത്തിലെങ്കിലും. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസത്തിന്റെ സഹജമായ അസഹിഷ്ണുതയായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ളവരോടുള്ള അടിച്ചമര്‍ത്തലായി മാറിയതെങ്കില്‍ കേരളത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക, ബിജെപിയെ വളര്‍ത്തുക എന്നത് സിപിഎമ്മിന്റെ ആസൂത്രിതമായ രാഷ്ട്രീയ അജണ്ട കൂടിയാണ്. ജനസംഖ്യയില്‍ പകുതിയോളം ന്യൂനപക്ഷ സമുദായങ്ങളായ കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയാല്‍ ആ ഭീതിയില്‍ ന്യൂനപക്ഷങ്ങളെ എന്നും തങ്ങളോടൊപ്പം നിര്‍ത്താമെന്നും കേരളത്തിലെ അധികാരം എന്നും നിലനിര്‍ത്താമെന്നുള്ള ഹീനമായ സങ്കുചിത രാഷ്ട്രീയമാണ് കേരളത്തിലെ സിപിഎമ്മിന്റേത്. ഇതിനെ തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും കേരളം ത്രിപുരയോട് അടുത്തു കൊണ്ടിരിക്കുകയാണെന്നും ബല്‍റാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com