പിണറായി വിചാരിച്ചാല്‍ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാം: എം മുകുന്ദന്‍

കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ കഴിയൂവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍.
പിണറായി വിചാരിച്ചാല്‍ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാം: എം മുകുന്ദന്‍

കൊല്ലം: കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ കഴിയൂവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ അപേക്ഷിക്കുന്നു.  അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം ലഭിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു. 

ഏറെ സൗന്ദര്യമുള്ള നാടായിരുന്നു കണ്ണൂര്‍. ഇന്ന് അതിന് ചോരയുടെ മണവും നിറവുമാണ്. പിണറായി വിചാരിച്ചാല്‍ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം ലഭിക്കും. അദ്ദേഹത്തെ കാലം ഓര്‍ക്കും. മയ്യഴിയില്‍ എന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു പാലമുണ്ട്. അതിലേക്ക് കടക്കുമ്പോള്‍ ഇപ്പോള്‍ ഒരു ബോര്‍ഡുണ്ട്. അതില്‍ കൈയ്യും കാലും അറുത്ത് മുറിച്ച ഒരു യുവാവിന്റെ ചിത്രമുണ്ട്. അതില്‍ ഷുഹൈബ് എന്നെഴുതിയിരിക്കുന്നു. ഷുഹൈബിനെ ആര് കൊന്നുവെന്നതല്ല പ്രശ്‌നം. ഇങ്ങനെ യുവാവിനെ വെട്ടിമുറിച്ച് കൊന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വന്നുവല്ലോയെന്നതാണ് വിഷമം. ഓരോ ദിവസവും ഷുഹൈബിന്റെ ചിത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ ദൈവത്തോടെന്ന പോലെ എന്തെങ്കിലും ചെയ്യൂ എന്ന് മുഖ്യമന്ത്രി വിജയനോട് നിശബ്ദമായി പ്രാര്‍ത്ഥിക്കും- മുകുന്ദന്‍ പറഞ്ഞു.

കണ്ണൂരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആ ചോര തലമുറകളിലേക്കൊഴുകും. നമ്മുടെ ഭാവി തന്നെ ക്രൂരമായിപ്പോകും. ഇത് അവസാനിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കണം. എന്റെ ഇടതുപക്ഷം മനുഷ്യത്വമാണ്. അത് ആദിവാസിക്കും പരിസ്ഥിതിക്കും ഒപ്പമാണ്. സംവാദങ്ങള്‍ പോലും മറഞ്ഞു പോകുന്ന കാലമാണിത്. മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ വ്യാപകമാകുന്നു. ദേശീയതയില്‍ മതത്തിന് സ്ഥാനമൊന്നുമില്ല. മനുഷ്യന്റെയും സമൂഹത്തിന്റെയും വേദനകളാണ് എഴുത്തുകാരന്‍ ആവിഷ്‌കരിക്കേണ്ടത്. അതിന് മേലാണ് വിലക്കുകള്‍ വരുന്നത്. ആവിഷ്‌കാരം വിലക്കപ്പെടുന്നത് ഷണ്ഡീകരിക്കപ്പെടുന്ന അവസ്ഥയാണെന്നും മുകുന്ദന്‍ പറഞ്ഞു. ആശ്രാമം സന്തോഷ് രചിച്ച അഷ്ടമുടിക്കായലും മയ്യഴിത്തുമ്പികളും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com