ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദ പ്രതി

ഗംഗേശാനന്ദയെ പ്രതിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. 
ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദ പ്രതി

തിരുവനന്തപുരം: പെണ്‍കുട്ടിയും വീട്ടുകാരും മൊഴി മാറ്റിയെങ്കിലും സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് പീഡനശ്രമത്തിനിടെയാണെന്ന കണ്ടെത്തലില്‍ ഉറച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഗംഗേശാനന്ദയെ പ്രതിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. 

പീഡനശ്രമം നടന്നില്ലെന്ന് ചിത്രീകരിക്കപ്പെടും വിധമായിരുന്നു പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും മൊഴിമാറ്റം. സ്വാമിയുടെ സഹായിയും തന്റെ കാമുകനുമായ അയ്യപ്പദാസിന്റെ പ്രേരണമൂലമാണ് താന്‍ കൃത്യം നടത്തിയതെന്ന, പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ഒരു കത്തും പുറത്തുവന്നിരുന്നു. എന്നാല്‍, മൊഴിമാറ്റമോ ഈ കത്തിലെ ഉള്ളടക്കമോ ശരിവയ്ക്കും വിധത്തിലായിരുന്നില്ല സാഹചര്യത്തെളിവുകള്‍. ഗംഗേശാനന്ദ നിരപരാധിയാണെന്ന് വ്യക്തമാകും വിധമല്ല സംഭവഗതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞുവീശിയപ്പോഴാണ് ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞ് വേര്‍പെട്ടതെന്നാണ് കണ്ടെത്തല്‍. മറ്റ് ഏത് സാഹചര്യത്തിലാണെങ്കിലും ഇങ്ങനെ മുറിയാന്‍ സാദ്ധ്യത കുറവാണെന്നാണ് നിഗമനം.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലും ഇത് തന്നെയാണ് കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗംഗേശാനന്ദയെ സ്വയരക്ഷയ്ക്കായി ആക്രമിച്ചുവെന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സംഭവ വേളയില്‍ സ്വാമിക്കെതിരെ മജിസ്‌ട്രേട്ടിന് മുന്നില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഗംഗേശാനന്ദയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ ചില ശ്രമങ്ങള്‍ നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലെത്തിയത്. 

പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണ് സ്വാമിയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കുന്നത്. സ്വാമിക്കെതിരെ ജീവപര്യന്തംവരെ ലഭിക്കാവുന്ന ഐപിസി വകുപ്പുകള്‍ ചുമത്തും. സ്വയം പ്രതിരോധത്തിന്റെ ഭാഗമായതിനാല്‍ പെണ്‍കുട്ടിക്കെതിരെ കേസില്ല.

കഴിഞ്ഞ വര്‍ഷം മേയിലാണ് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ വീടുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു ഗംഗേശാനന്ദ. സംഭവത്തിന് ശേഷം പ്രാണരക്ഷാര്‍ത്ഥം വീടിന് പുറത്തേക്കോടിയ പെണ്‍കുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്തു. ഏറെനാള്‍ അയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയായിരുന്നു കേസില്‍ പുതിയ വഴിത്തിരിവിന് ഇടയാക്കുമാറ് അയാളെ സഹായിക്കുന്ന തരത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി. പിന്നീട് പെണ്‍കുട്ടിയും ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. 

കോട്ടയം പട്ടിമറ്റം ചെങ്ങര ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീഹരിയാണ് ഗംഗേശാനന്ദ. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സമരത്തില്‍ പങ്കാളിയായ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബവുമായി പരിചയത്തിലായത്. തുടര്‍ന്ന് ഗംഗേശാനന്ദ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിരുന്നു. വളരെ ഭക്തിയോടെയാണ് വീട്ടുകാര്‍ സ്വീകരിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com