സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ഹാദിയ

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ഹാദിയ
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ഹാദിയ

കോഴിക്കോട്: ഹൈക്കോടതി വിവാഹം അസാധുവാക്കിയതിലൂടെ തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ. മാതാപിതാക്കളില്‍നിന്നല്ല, സര്‍ക്കാരില്‍നിന്നാണ് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ഹാദിയ പറഞ്ഞു.

മതാപിതാക്കളില്‍നിന്ന് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി  നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതു തെറ്റാണ്. സര്‍ക്കാരാണ് തനിക്കു നഷ്ടപരിഹാരം തരേണ്ടത്. 

രണ്ടു വര്‍ഷമാണ് തന്റെ നിയമപോരാട്ടം നീണ്ടത്. അതില്‍ മാതാപിതാക്കളോടൊത്തുള്ള ആറു മാസം ഭീകരമായിരുന്നു. അക്ഷരാര്‍ഥത്തില്‍ താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നു. ജീവിതത്തിലെ രണ്ടു വര്‍ഷമാണ്  തനിക്കു നഷ്ടപ്പെട്ടത്. അച്ഛനും അമ്മയും തന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നു കരുതുന്നില്ല. അവര്‍ ചില ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തിലായിരുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് അവര്‍ മാതാപിതാക്കളെ ഉപയോഗിച്ചത്. 

വീട്ടുതടങ്കലില്‍ ആയിരുന്ന സമയത്ത് കാണാന്‍ വന്നവര്‍ തന്നെ സനാതന ധര്‍മത്തിലേക്കു തിരിച്ചുകൊണ്ടുപോവാനാണ് ശ്രമിച്ചത്. പൊലീസ് അതിനു കൂട്ടുനില്‍ക്കുകയായിരുന്നു. എന്റെ പരാതികളൊന്നും അവര്‍ കാര്യമാക്കിയില്ല. ഹിന്ദുമതത്തിലേക്കു പുനപരിവര്‍ത്തനം നടത്താനാണ് രാഹുല്‍ ഈശ്വറും ശ്രമിച്ചത്. രാഹുല്‍ ഈശ്വറിനെതിരായ പരാതികള്‍ താന്‍ പിന്‍വലിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞു.

വീട്ടില്‍ തന്നെ കാണാനെത്തിയവരുടെ പട്ടിക പുറത്തുവിടണമെന്ന് ഹാദിയ വീണ്ടും ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ അനുമതിയോടെയാണ് തന്നെ കാണാന്‍ എത്തിയത് എന്നുവരെ പറഞ്ഞവരുണ്ട്. വീട്ടില്‍ വച്ച് അമ്മ വിഷം നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സുപ്രിം കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ഹാദിയയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com