സിപിഐ അംഗം പിന്തുണച്ചു ; എടവിലങ്ങില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്‌ 

സിപിഐ സ്ഥാനാര്‍ത്ഥി മിനി തങ്കപ്പനെ ഒരു വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപിയിലെ സജിത അമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായത്
സിപിഐ അംഗം പിന്തുണച്ചു ; എടവിലങ്ങില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്‌ 

തൃശൂര്‍ : എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ അംഗത്തിന്റെ വോട്ട് ബിജെപിക്ക്. ഇതിന് പിന്നാലെ സിപിഎമ്മിന്റെയും സിപിഐയുടെയും വോട്ടുകള്‍ അസാധുവായതോടെ വൈസ് പ്രസിഡന്റ് പദം ബിജെപിക്ക് സ്വന്തമായി. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഇടതു മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥി മിനി തങ്കപ്പനെ ഒരു വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപിയിലെ സജിത അമ്പാടി വൈസ് പ്രസിഡന്റായത്.  

സജിതക്ക് അഞ്ച് വോട്ടും മിനിക്ക് നാലുവോട്ടുമാണ് ലഭിച്ചത്. പതിനാലംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഏഴും, ബിജെപി.ക്ക് നാലും, കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഎമ്മിലെ അംബിക അശോകന്‍ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ രണ്ടരവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ.യിലെ ടി എം ഷാഫിയാണ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്തത്. 
സിപിഐ.യിലെ മറ്റൊരംഗമായ സുമ വത്സന്റെയും സിപിഎമ്മിലെ കെ കെ രമേഷ്ബാബുവിന്റെയും വോട്ടാണ് അസാധുവായത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ്, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരുന്നു മത്സരം. ഇതില്‍ എല്‍ഡിഎഫിലെ മിനി തങ്കപ്പന് ഏഴും, ബിജെപിയിലെ സജിത അമ്പാടിക്ക് നാലും കോണ്‍ഗ്രസിലെ പ്രസന്ന ശിവദാസന് മൂന്നും വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫും ബിജെപിയും മത്സരിച്ചപ്പോഴാണ് സജിതയുടെ അട്ടിമറി വിജയം.  ഈ റൗണ്ടിലാണ് എല്‍.ഡി.എഫില്‍നിന്ന് ഒരു വോട്ട് ബി.ജെ.പി.ക്ക് മറിഞ്ഞതും രണ്ട് വോട്ടുകള്‍ അസാധുവായതും. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ നിന്ന് കോണ്‍ഗ്രസിലെ മൂന്നംഗങ്ങളും വിട്ടുനിന്നു.

ഫിബ്രവരിയില്‍ ഇടതുമുന്നണിയിലെ ധാരണപ്രകാരം ഷാഫി പ്രസിഡന്റ് പദവി ഒഴിഞ്ഞു.  തുടര്‍ന്ന് സിപിഎമ്മിലെഎ പി ആദര്‍ശ് പ്രസിഡന്റായി. പിന്നാലെ വൈസ് പ്രസിഡന്റ് പദവി സിപിഐ.ക്ക് നല്‍കാന്‍ സിപിഎം പ്രതിനിധി രാജിവെച്ചു. എന്നാൽ മിനി തങ്കപ്പനെ വൈസ് പ്രസിഡന്റാക്കുന്നതിനെതിരെ ഷാഫി രംഗത്തുവന്നു.  ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് നൽകിയതും,  രണ്ട് വോട്ടുകള്‍ അസാധുവാക്കപ്പെട്ടതെന്നും വിലയിരുത്തപ്പെടുന്നു. 

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് നൽകിയ ഷാഫിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും സിപിഐ പുറത്താക്കി. വിപ്പ് ലംഘിച്ച ഷാഫിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്ന് സിപിഐ.ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി.  ഫെബ്രുവരി 14-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ കെ രമേഷ്ബാബുവിന്റെ വോട്ട് രണ്ട് റൗണ്ടിലും അസാധുവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com