''എനിക്ക് മാധവിക്കുട്ടിയോടല്ല, അവരുടെ മാതാവ് ബാലാമണിയമ്മയോടായിരുന്നു അവിഹിതമെന്ന് ടീച്ചറോട് പറഞ്ഞേക്ക്''

''എനിക്ക് മാധവിക്കുട്ടിയോടല്ല, അവരുടെ മാതാവ് ബാലാമണിയമ്മയോടായിരുന്നു അവിഹിതമെന്ന് ടീച്ചറോട് പറഞ്ഞേക്ക്''
''എനിക്ക് മാധവിക്കുട്ടിയോടല്ല, അവരുടെ മാതാവ് ബാലാമണിയമ്മയോടായിരുന്നു അവിഹിതമെന്ന് ടീച്ചറോട് പറഞ്ഞേക്ക്''

കൊച്ചി: തന്റെ കവിതകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭ്യര്‍ഥന സാംസ്‌കാരിക രംഗത്ത് പുതിയ ചര്‍ച്ചയായി മാറുകയാണ്. കവിതകള്‍ പഠിപ്പിക്കരുതെന്നും അവയെക്കുറിച്ചുളള ഗവേഷണത്തിന് അനുമതി നല്‍കരുതെന്നുമാണ് ചുള്ളിക്കാട് വാര്‍ത്താ സമ്മേളനം നടത്തി അഭ്യര്‍ഥിച്ചത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമാവുകയാണ്. 

കവിത പഠിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നതിനു കാരണമായി ചുള്ളിക്കാട് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നോക്കുക. 

''അടുത്തിടെ ഒരു സര്‍വകലാശാലയില്‍ കവിത അവതരിപ്പിക്കുന്നതിനായി ക്ഷണിച്ചു. അവിടെ വച്ച് ആനന്ദധാര എന്ന കവിത വായിക്കണമെന്ന കുറിപ്പ് കിട്ടി. സംസ്‌കൃതം എംഎയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് കുറിപ്പു തന്നത്. ്അതു വായിച്ച ഞാന്‍ ഞെട്ടി. ആനന്ദമെന്ന് എഴുതാന്‍ 'ന്ത'യാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ ആ കുട്ടിയുടെ അക്ഷരത്തെറ്റുകള്‍ ആരും തിരുത്തിയില്ലെന്നു വേണം കരുതാന്‍. ബി.എ. സംസ്‌കൃതത്തിന് 55 ശതമാനത്തിലധികം മാര്‍ക്കു വാങ്ങിയ ആള്‍ക്ക് തെറ്റില്ലാതെ എഴുതാന്‍ കൂടി അറിയില്ല.

മറ്റൊരു അവസരത്തില്‍ എന്റെ കവിതയില്‍ ഗവേഷണം നടത്തുന്ന അധ്യാപിക ഒരു ചോദ്യാവലി തന്നു. അതിലും അക്ഷരത്തെറ്റുകള്‍. ചോദ്യങ്ങളെല്ലാം അര്‍ത്ഥശൂന്യം. കഴിവും അറിവും ഇല്ലാത്ത അധ്യാപകര്‍ തലമുറകളെ തന്നെ നശിപ്പിക്കുകയാണ്. 

പ്ലസ് വണ്ണിന് എന്റെ 'സന്ദര്‍ശനം' എന്ന കവിത പഠിക്കാനുണ്ട്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി എന്നെ ഫോണില്‍ വിളിച്ചു. ആ കവിത, കവിയും കഥാകാരി മാധവിക്കുട്ടിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ളതാണെന്ന് ടീച്ചര്‍ ക്ലാസില്‍ പറഞ്ഞു. എന്നാല്‍ കാലം ഒത്തുനോക്കിയപ്പോള്‍ വ്യത്യാസം കണ്ടതുകൊണ്ടാണ് വിളിക്കുന്നതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. എന്നാല്‍ ഇക്കാര്യം അധ്യാപികയോട് പറഞ്ഞുകൂടെ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ പിന്നെ ടീച്ചര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും പിന്നങ്ങോട്ട് ബുദ്ധിമുട്ടായിരിക്കുമെന്നും കുട്ടി പറഞ്ഞു. എന്നാല്‍ എനിക്ക് മാധവിക്കുട്ടിയോടല്ല, അവരുടെ മാതാവ് ബാലാമണിയമ്മയോടായിരുന്നു അവിഹിതമെന്ന് ടീച്ചറോട് പറയാനും തന്റെ നമ്പര്‍ നല്‍കി, അവരോട് തന്നെ വിളിക്കാന്‍ പറയുകയും ചെയ്തു.

എന്റെ കവിത എവിടെയെങ്കിലും പഠിപ്പിക്കുന്നത് നിയമപരമായി തടയാന്‍ എനിക്ക് സാധിക്കില്ല. നിയമപരമായി പോകാനാവില്ല. അതിനു കഴിയുമായിരുന്നെങ്കില്‍ ഞാനത് നിരോധിക്കുമായിരുന്നു. അതിന് പറ്റാത്തതുകൊണ്ടാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. ഒരു ഗതികെട്ട കവി സമൂഹത്തിനു മുന്നില്‍ വയ്ക്കുന്ന അപേക്ഷയാണിത്.
 
കവിതകള്‍ താത്പര്യമുള്ളവര്‍ അത് കണ്ടെടുത്ത് വായിച്ചോളും. അത് പഠിക്കാന്‍ വച്ചാല്‍ അവര്‍ എന്നെ വെറുക്കും. കോളജിലും സ്‌കൂളുകളിലും പഠിപ്പിക്കാനോ ബിരുദം കിട്ടാനോ ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാന്‍ കവിതകള്‍ എഴുതിയത്. എന്നെപ്പോലെ വേദനിച്ച, ദുരനുഭവം ഉണ്ടായ ആളുകള്‍ ഉണ്ടാവും. സമാന ഹൃദയരായ അവരെ ഉദ്ദേശിച്ചു മാത്രമാണ് കവിതകള്‍ എഴുതിയിട്ടുള്ളത്.

ഞാന്‍ പറയുന്നത് എന്റെ ശരിയാണ്. സിലബസിന് പുറത്തുനിന്നാണ് ഞാന്‍ പഠിച്ചത്. കൈക്കൂലി കൊടുത്തും സ്വജനപക്ഷപാതം മൂലവും മതത്തിന്റെ പേരിലുമെല്ലാം സര്‍വീസില്‍ കയറി അധ്യാപനത്തെ വെറും ഉപജീവനമാര്‍ഗമായി കാണുന്നവര്‍ എന്റെ കവിത പഠിപ്പിക്കുന്നത് എനിക്ക് പ്രാണവേദനയാണ്. കല്യാണം കഴിച്ചുകൊണ്ടുപോയ മകളെ ഭര്‍ത്താവ് വേശ്യാത്തെരുവില്‍ വില്‍ക്കുമ്പോള്‍ അച്ഛനുണ്ടാവുന്ന വിഷമമാണ് എനിക്ക്. നിയമപരമായി പോകാന്‍ പറ്റില്ല. അതുകൊണ്ടാണ് പൊതുസമൂഹത്തിനും സര്‍ക്കാരിനും മുന്നില്‍ ഈ യാചന നടത്തുന്നത്.

എന്നെക്കാള്‍ വലിയ 30 കവികളെങ്കിലും മലയാളത്തിലുണ്ട്. അവരുടെ സൃഷ്ടികള്‍ പഠിപ്പിക്കട്ടെ. ആയിരക്കണക്കിന് കവികള്‍ സിലബസില്‍ കയറിപ്പറ്റാന്‍ ക്യൂ നില്‍ക്കുന്നുണ്ട്. അവരുടെ കവിതകള്‍ പഠിപ്പിച്ചോട്ടെ.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com