കേരളം ലിംഗസമത്വത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് കുടുംബശ്രീയുടെ വരവോടെ: വി.എസ് സുനില്‍കുമാര്‍

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് കുടുംബശ്രീ ചാലകശക്തിയായെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍.
കേരളം ലിംഗസമത്വത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് കുടുംബശ്രീയുടെ വരവോടെ: വി.എസ് സുനില്‍കുമാര്‍


തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് കുടുംബശ്രീ ചാലകശക്തിയായെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ ക്യാംപെയ്ന്‍ 'നീതം 2018' ന്റെ സംസ്ഥാനതല സമാപനത്തിലെ റിപ്പോര്‍ട്ട് അവതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ സ്ത്രീകള്‍ ലിംഗസമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് സ്ത്രീശാക്തീകരണം യഥാര്‍ത്ഥ്യമാകുന്നത്. ലിംഗനീതിയെ കുറിച്ച് കേരളം ചിന്തിച്ചു തുടങ്ങിയത് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വരവോടെയാണ്. ഞാനും സമൂഹത്തിന്റെ ഭാഗമാണ് എന്ന ആത്മബോധത്തോടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു കടന്നു വന്നതാണ് കുടുംബശ്രീയുടെ പുരോഗതി. വെല്ലുവിളി ഉയര്‍ത്തുന്ന പല തൊഴില്‍ മേഖലകളിലേക്കും കടന്നു ചെന്ന് വിജയം കൈവരിക്കുന്നതിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ക്കും ഇതു സാധ്യമാകുമെന്ന ബോധം സമൂഹത്തില്‍  സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതാണ് കുടുംബശ്രീയുടെ നേട്ടമെന്ന് മന്ത്രി പറഞ്ഞു.

മാനസികമായ പിന്നാക്കാവസ്ഥയില്‍ നിന്നും മുന്നേറാന്‍ കഴിയുന്ന ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ പ്രമുഖമായ പങ്കു വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള അമ്പതു ശതമാനം സീറ്റുകളില്‍ നല്ലൊരു ശതമാനം കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വന്നവരാണെന്നതും ഏറെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താഴേതട്ടില്‍ മുതല്‍ തന്നെ സുരക്ഷയൊരുക്കാന്‍ കഴിയുന്ന വിധം വലിയ തോതിലുള്ള ഒരു മാറ്റത്തിനു വഴിയൊരുക്കാന്‍ 'നീതം' ക്യാംപെയ്‌നു കഴിയണം.

സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് കുടുംബശ്രീയാണ്. ഈ മേഖലയില്‍ പ്രഫഷനല്‍ മികവു കൈവരുത്തുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടത്തുന്ന നാട്ടുചന്തകള്‍ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.  കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഫലപ്രദമായ വിപണനത്തിന് വിപണി നല്‍കുന്നതടക്കം എല്ലാ വിധ പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ ഏറ്റെടുത്തു നടപ്പാക്കുന്ന തരത്തിലേക്ക് കുടുംബശ്രീ മാറുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത്തിയെട്ടു പഞ്ചായത്തുകളില്‍ നടത്തിയ വള്‍ണറബിലിറ്റി മാപ്പിങ്ങ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രാദേശിക തലത്തില്‍ സ്ത്രീകളുടെയും കുട്ടികളും സുരക്ഷയ്ക്കും ഉപജീവന മാര്‍ഗത്തിനുമായി പതിനൊന്നു കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷവും വള്‍ണറബിലിറ്റി മാപ്പിങ്ങ് നടത്തും. കൂടാതെ കമ്യൂണിറ്റി കൗണ്‍സലിങ്ങും കൂടുതല്‍ ശക്തിപ്പെടുത്തും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീയുടെ അഭയകേന്ദ്രമായ സ്‌നേഹിത പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രാദേശികമായി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്റെയും ഭാഗമായി  അയല്‍ക്കൂട്ട തലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിച്ചു ക്രോഡീകരിച്ച വിവരങ്ങള്‍, സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ട സംഗമത്തിലൂടെ രൂപീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍, കര്‍മപദ്ധതി എന്നിവ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു. 

കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു, ഡയറക്ടര്‍ റംലത്ത്.പി, പ്രോഗ്രാം ഓഫിസര്‍മാരായ പ്രമോദ് കെ.വി, ബിനു ഫ്രാന്‍സിസ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രിയ. ഇ എന്നിവര്‍ പ്രസംഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com