കീഴാറ്റൂര്‍ സമരം സംസ്ഥാനവ്യാപകമാക്കുന്നു: ലോങ് മാര്‍ച്ച് നടത്താനൊരുങ്ങി വയല്‍ക്കിളികള്‍; നന്ദീഗ്രാമില്‍ നിന്ന് കര്‍ഷകരെ കൊണ്ടുവരുമെന്ന് ബിജെപി

കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ ആരംഭിച്ച സമരം സംസ്ഥാനവ്യാപകമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍
കീഴാറ്റൂര്‍ സമരം സംസ്ഥാനവ്യാപകമാക്കുന്നു: ലോങ് മാര്‍ച്ച് നടത്താനൊരുങ്ങി വയല്‍ക്കിളികള്‍; നന്ദീഗ്രാമില്‍ നിന്ന് കര്‍ഷകരെ കൊണ്ടുവരുമെന്ന് ബിജെപി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ ആരംഭിച്ച സമരം സംസ്ഥാനവ്യാപകമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി മേല്‍പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി  സമരം ചെയ്യുന്നതിന് പകരം പൊതുജനങ്ങളിലേക്ക് സമരമെത്തിക്കും. 

നിലനില്‍പ്പിന്റെ സമരമായതിനാല്‍ ആരുടെയും പിന്തുണയും സ്വീകരിക്കും. സമരത്തിന് കൂടുതല്‍ ജനകീയ ശ്രദ്ധ നേടാനായി മഹാരാഷ്ട്ര മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കാര്യവും വയല്‍ക്കിളികള്‍ ആലോചിക്കുന്നുണ്ട്. 

അതേസമയം വയല്‍ക്കിളി സമരം രാഷ്ട്രീയമായി ഏറ്റെടുത്ത ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ശക്തമാക്കി. സമരത്തിന് പ്രചോദനം പകരാന്‍ നന്ദീഗ്രാമില്‍ നിന്ന് കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കാനാണ് ബിജെപി നീക്കം. 

സമരത്തില്‍ ബിജെപിയെ സഹകരിപ്പിച്ചതിനോട് വയല്‍ക്കിളികള്‍ക്കിടയില്‍ തന്നെ വിയോജിപ്പുണ്ട്. ബിജെപിക്കെതിരെ സമരസമിതി അംഗമായ കെ.സഹദേവന്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. സമരം ബിജെപി ഹൈജാക്ക് ചെയ്തുവെന്നാണ് സഹദേവന്‍ ആരോപിക്കുന്നത്. കീഴാറ്റൂര്‍ സമരവേദിയില്‍ മോദി മഹാത്മ്യം വിളമ്പാനുളള അവസരമൊരുക്കി കൊടുത്തവര്‍ കേരളത്തിലെ ജനകീയ സമര പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചെയ്തത്. എന്തായാലും ഈ കളിയില്‍ നമ്പ്രാടത്ത് ജാനകിയമ്മയോ , സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവര്‍ മറുപടി പറയേണ്ടി വരുമെന്ന് സഹദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com