അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇതുസംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതുസംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഇതേതുടര്‍ന്ന് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂളുകള്‍ പൂട്ടൂന്നത് കോടതി തടഞ്ഞു. രണ്ടുമാസത്തിനകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

അംഗീകാരമില്ലാല്ലാത്ത സ്‌കൂളുകൾ അടുത്ത വർഷം മുതൽ പ്രവർത്തിക്കാൻ പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകിയത്. ഈ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. സ്കൂളുകൾ പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും നിയമസഭയിൽ പറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദേശ പ്രകാരമായിരുന്നു നോട്ടീസ് നൽകിയത്. തുടർന്ന് 1585 സ്‌കൂളുകൾക്ക് നോട്ടീസ് നൽകി. എന്നാൽ, സർക്കാരിന്റെ തീരുമാനത്തിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ പാടില്ല. അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും നിർദ്ദേശിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com