ലിഗയുടെ സംസ്‌കാരം ഇന്ന്: മെഴുകുതിരി വെളിച്ചത്തില്‍ അന്ത്യയാത്ര

ലിഗയെ അന്വേഷിച്ച് മാസങ്ങളോളം എലിസ അന്വേഷണം നടത്തിയിരുന്നു. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവിന് ഒപ്പം പോസ്റ്റര്‍ പതിച്ച് അന്വേഷണം തുടരുമ്പോഴും ഒരു ഘട്ടത്തിലും എലിസ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല.
ലിഗയുടെ സംസ്‌കാരം ഇന്ന്: മെഴുകുതിരി വെളിച്ചത്തില്‍ അന്ത്യയാത്ര

തിരുവനന്തപുരം: കൊല്ലപ്പട്ട വിദേശവനിത ലിഗയുടെ സഹോദരി എലിസ കേരളത്തില്‍ നിന്ന് മടങ്ങുകയാണ്. മടങ്ങുംമുന്‍പ് എലിസ ഇന്ന് ലിഗയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തും.  തൈക്കാട് ശാന്തികവാടത്തില്‍ വൈകീട്ട് നാല് മണിക്കാണ് സംസ്‌കാരം. സര്‍ക്കാരിന്റെ സഹായത്തോടെ ലിഗയ്ക്കായി ഞായറാഴ്ച തലസ്ഥാനത്ത് അനുസ്മരണ ചടങ്ങ് നടത്തുമെന്നും എലിസ അറിയിച്ചു. സംസ്‌കാരത്തിനു മുന്‍പായിത്തന്നെ ലിഗ കൊലക്കേസിലെ രണ്ടു പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചനയുണ്ട്. 

ലിഗയെ അന്വേഷിച്ച് മാസങ്ങളോളം എലിസ അന്വേഷണം നടത്തിയിരുന്നു. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവിന് ഒപ്പം പോസ്റ്റര്‍ പതിച്ച് അന്വേഷണം തുടരുമ്പോഴും ഒരു ഘട്ടത്തിലും എലിസ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. അന്വേഷണത്തിനായി ഒപ്പം നിന്നവര്‍ക്കെല്ലാം എലിസ നന്ദി പറയുകയാണ്. ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ലിഗയുടെ ഓര്‍മകളുമായി മെഴുകുതിരി വെളിച്ചത്തില്‍ അവര്‍ ഒത്തുചേരും. 

ലിഗയുടെ ചിതാഭസ്മം ഇലീസ് ലാത്‌വിയയിലേക്ക് കൊണ്ടുപോകും. മൃതദേഹം ലാത്‌വിയയിലേക്ക് കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കുകയാണ് അവിടുത്തെ പതിവ്. പ്രത്യേക ചിന്താഗതിക്കാരിയായ ലിഗ, തന്റെ ചിതാഭസ്മം പൂന്തോട്ടത്തിലെ പുതിയൊരു തണല്‍മരച്ചുവട്ടില്‍ നിക്ഷേപിക്കാന്‍ ആഗ്രഹ പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ലിഗയുടെ ആഗ്രഹം സഫലമാക്കും.

തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേര സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്‌കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുന്‍പായിരുന്നു ലിഗയും ഇലീസും നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നത്. അടുത്ത വ്യാഴാഴ്ച ഇലീസ് നാട്ടിലേക്കു മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com